ആറുമാസമായുള്ള നിരന്തര വോൾട്ടേജ് ക്ഷാമത്തെത്തുടർന്ന് രാത്രി മുഴുവൻ കെ.എസ്.ഇ.ബി ഓഫിസിൽ ഇരുന്ന് പ്രതിഷേധിച്ച് കുടുംബം. കോട്ടയം ഏഴുമാതുരുത്ത് സ്വദേശി ബിബിനും ഭാര്യയും രണ്ടു കുട്ടികളുമാണ് രാത്രി മുഴുവൻ കടുത്തുരുത്തി കെഎസ്ഇബി ഓഫീസിൽ ഇരുന്ന് പ്രതിഷേധിച്ചത്. ശരിയാക്കി നൽകാമെന്ന് ഉറപ്പു നൽകിയതോടെ രാവിലെ സമരം അവസാനിപ്പിച്ചു.
കഴിഞ്ഞ ആറുമാസമായി കെഎസ്ഇബിക്ക് ഇത് സംബന്ധിച്ച പരാതി നൽകിയിട്ടും നടപടിയൊന്നും എടുത്തില്ലെന്ന് ബിബിൻ ആരോപിക്കുന്നു. ബിബിന്റെ പിതാവ് ഓക്സിജൻ മാസ്കിന്റെ സഹായത്തോടെ ജീവിക്കുന്ന വ്യക്തിയാണ്. അതിനാൽ കൃത്യസമയത്ത് വൈദ്യുതി ലഭിച്ചില്ലെങ്കിൽ പിതാവിന്റെ ജീവൻ തന്നെ അപകടത്തിൽ ആകുന്ന അവസ്ഥയുണ്ടെന്ന് ബിബിൻ പറയുന്നു. സ്ഥലത്തെ നിരവധി വീടുകളിൽ ഈ പ്രശ്നം നേരിടുന്നുണ്ടെന്നും ഇത് സാങ്കേതിക പ്രശ്നം ആണെന്നും ആണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം. ഏതായാലും അക്കാര്യങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പാണ് രാവിലെ കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്.