ഒത്തു തീർപ്പിനില്ല; വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരൻ
സന: നിമിഷപ്രിയയുടെ മോചന സാധ്യതകൾക്കും മധ്യസ്ഥ സാധ്യതകൾക്കും മങ്ങലേൽപ്പിക്കുന്ന പുതിയ നീക്കവുമായി തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും വധശിക്ഷ ഉടൻ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തു തീർപ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും സലാലിന്റെ സഹോദരൻ മെഹദി കത്തിൽ പറഞ്ഞു. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്.
അതേസമയം യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക മാറ്റങ്ങൾ ഉണ്ടായതായി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഓഫീസ് അറിയിച്ചു.
വധശിക്ഷ റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ധാരണയായിട്ടുണ്ടെന്നും, മറ്റ് തീരുമാനം തുടർചർച്ചകൾക്ക് ശേഷമാകുമെന്നും ഓഫീസ് വ്യക്തമാക്കി. എന്നാൽ ഇതുവരെ കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഈ മാസം 16-നാണ് നേരത്തെ നിമിഷപ്രിയയ്ക്ക് വധശിക്ഷ നടപ്പാക്കാനായി യമൻ ഭരണകൂടം തീരുമാനമെടുത്തിരുന്നത്.
എന്നാൽ കാന്തപുരത്തിന്റെ ഇടപെടലിനെത്തുടർന്ന് മതപണ്ഡിതരുടെ നേതൃത്വത്തിലുള്ള ചർച്ചകൾക്കുശേഷമാണ് വധശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്യപ്പെട്ടത്.
കാന്തപുരത്തിന്റെ സുഹൃത്തും യെമനിലെ തരീമിൽ നിന്നുള്ള പ്രശസ്ത പണ്ഡിതനുമായ ഹബീബ് ഉമർ ബിൻ ഫഫിള് നിയോഗിച്ച പണ്ഡിതസംഘവും, ഉത്തര യെമനിലെ ഭരണകൂട പ്രതിനിധികളുമായി ചേർന്ന് നടത്തിയ മധ്യസ്ഥ ചർച്ചകളിലാണ് ഈ ധാരണ ഉണ്ടായത്. അതോടൊപ്പം, രാജ്യാന്തര തലത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
കൊല്ലപ്പെട്ട യമനുകാരൻ തലാലിന്റെ കുടുംബത്തോടുള്ള തുടർസംവാദങ്ങൾക്കുശേഷമായിരിക്കും ശിക്ഷ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. വധശിക്ഷ ഒഴിവാക്കാനുള്ള ധാരണയായെങ്കിലും ചർച്ചകൾ തുടരുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തലാലിന്റെ സഹോദരൻ ഈ നിർണ്ണയത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യെമനിലെ അറ്റോർണി ജനറലിനയച്ച കത്ത് ഉൾപ്പെടുത്തി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
സാമുവൽ ജെറോമിനെതിരെ ഉയർന്ന് ആരോപണങ്ങൾ നിഷേധിച്ച് നിമിഷപ്രിയയുടെ ഭർത്താവ്
പാലക്കാട്: യെമനിലെ മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോമിനെതിരെ ഉയർന്ന് ആരോപണങ്ങൾ നിഷേധിച്ച് നിമിഷപ്രിയയുടെ ഭർത്താവ് ടോമി തോമസ്.
സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സ്വരൂപിച്ച 40,000 ഡോളർ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ട് വഴി യെമനിൽ കേസ് നടത്തുന്നതിനായി കേന്ദ്രം നിയമിച്ച അഭിഭാഷകനാണ് നൽകിയത്.
ആ തുക സാമുവൽ ജെറോം ദുരുപയോഗം ചെയ്‌തെന്ന ആരോപണം തികച്ചും തെറ്റാണെന്നും ടോമി പ്രതികരിച്ചു.
കൂടാതെ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ വീട്ടുതടങ്കലിലാണെന്ന ആരോപണവും ടോമി തോമസ് നിഷേധിച്ചു. പ്രേമകുമാരിയുമായി സംസാരിച്ചിരുന്നു എന്നും അവർ ആരുടെയെങ്കിലും കസ്റ്റഡിയിലോ വീട്ടുതടങ്കലിലോ ഒന്നുമല്ലെന്നും ടോമി പറഞ്ഞു.
ഇത്തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. തന്റെ അറിവോടും സമ്മതത്തോടും കൂടി സാമുവലിന്റെ സംരക്ഷണയിലാണ് പ്രേമകുമാരിയെന്നും അദ്ദേഹം വ്യക്തമാക്കി.
കാന്തപുരവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ
സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി തന്റെ കുടുംബം ഒരു ചർച്ചകളും നടത്തിയിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ.
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി ബന്ധപ്പെടുകയോ ചർച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികൾക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി പറയുന്നത്.
അവരുമായി ഒരു സമയത്തും ഒരിടത്തും വെച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അബ്ദുൽ ഫത്താഹ് മഹ്ദി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോടതി വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. ദയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ അപ്പോഴും ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതൻമാരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് നേരത്തേ പുറത്തുവന്ന വിവരം.
എന്നാൽ വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്ത. പക്ഷെ വിഷയത്തിൽ തലാലിന്റെ സഹോദരന്റെ പുതിയ വെളിപ്പെടുത്തൽ നടത്തിയതോടെ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
ENGLISH SUMMARY:
Nimisha Priya’s execution faces new uncertainty as Abdul Fattah Mehdi, brother of the Yemeni victim, sends a second letter to the Attorney General rejecting pardon and urging immediate implementation of the death penalty.