ലക്നൗ: കാൺപൂരിലെ ട്രെയിൻ അട്ടിമറി ശ്രമത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി എൻഐഎ സംഘമെത്തും. NIA team will come for detailed investigation
അട്ടിമറി ശ്രമം നടന്ന പ്രദേശത്ത് നിന്നും സംശയാസ്പദമായ ചില വസ്തുക്കൾ പൊലീസിന് ലഭിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. റയിൽവെ ട്രാക്കിൽ എൽപിജി സിലിണ്ടറും പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും വെച്ചാണ് വൻ അട്ടിമറി ശ്രമം നടത്തിയിരിക്കുന്നത്.
ആയിരത്തോളം യാത്രക്കാരുമായെത്തിയ ട്രെയിൻ ഗ്യാസ് സിലിണ്ടർ ഇടിച്ച് തെറിപ്പിച്ചെങ്കിലും വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
ആയിരത്തിലേറെ പേർ യാത്ര ചെയ്യുന്ന കാളിന്ദി ഏക്സ്പ്രസാണ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്. പ്രയാഗ്‍രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്കുള്ള യാത്രക്കിടെ പുലർച്ചെയോടയാണ് സംഭവം നടക്കുന്നത്.
യാത്രയ്ക്കിടെ പാളത്തിലെ എൽപിജി സിലിണ്ടർ ലോക്കോ പൈലറ്റിൻറെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ലോക്കോ പൈലറ്റ് എമർജൻസി ബ്രക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും വളരെ അടുത്തായിരുന്നതിനാൽ ട്രെയിൻ നിൽക്കാതെ സിലിണ്ടറിൽ ഇടിച്ചു.
പിന്നാലെ പതിയെ ട്രെയിൻ നിർത്താനായതോടെ വലിയ അപകടം ഒഴിഞ്ഞുപോയി. അട്ടിമറി ശ്രമം ലോക്കോപൈലറ്റ് അധികൃതരെ അറിയിച്ചു. ഉടനടി റെയിൽവേ പൊലീസും ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി.
എൽപിജി സിലിണ്ടറിനൊപ്പം പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും ഉൾപ്പടെയുള്ള വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. സംശയാസ്പദമായ ചില വസ്തുക്കളും ഇവിടെ നിന്ന് അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്.
ഇതിന്റെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. യുപിയിൽ ഈയടുത്തും സമാനമായ സംഭവങ്ങൾ നടന്നതിനാൽ സംസ്ഥാന – കേന്ദ്ര സർക്കാരുകൾ ജാഗ്രതയിലാണ്.
ആസൂത്രിത അട്ടിമറി ശ്രമമാകാനുള്ള സാധ്യതയേറുന്ന സാഹചര്യത്തിൽ സംഭവങ്ങളുടെ ചുരുളഴിക്കാൻ ഡൽഹിയിൽ നിന്ന് എൻഐഎ സംഘവും കാൺപൂരിൽ എത്തും. പൊലീസിനെ അന്വേഷണത്തിൽ സഹായിക്കും.