കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. എറണാകുളം എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 1,25,00 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. കേസിൽ റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. യുഎപിഎ 38, 39, ഐപിസി 120 ബി തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ 2019 ഏപ്രിലിലാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. പുതുവത്സര ദിനത്തില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെന്നാണ് കണ്ടെത്തല്‍. കാസർകോട്ടുനിന്ന് ഐഎസിൽ ചേരാനായി പോയെന്നു കരുതുന്ന 14 പേരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് റിയാസ് എൻഐഎ പിടിയിലാകുന്നത്.
അഫ്ഗാനിസ്ഥാനിലെത്തിയ ഇവരുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അഫ്ഗാനിസ്ഥാനിലെത്തി ഐഎസിന്റെ ഭാഗമായ അബ്ദുൾ റാഷിദ് അബ്ദുല്ലയുടെ നിർദേശ പ്രകാരം റിയാസ് ചാവേർ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടെയാണ് റിയാസ് പിടിയിലാകുന്നത്. ഒപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവർ പിന്നീട് കേസിലെ മാപ്പുസാക്ഷികളായി.
Read Also: എഐ ചിത്രങ്ങൾക്ക് പ്രത്യേകം ലേബൽ നൽകാൻ മെറ്റ