ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി വിരമിക്കൽ പിൻവലിച്ച് തിരിച്ചുവരുന്നു.
ഒരു വർഷം മുമ്പ് അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ച സ്‌ട്രൈക്കർ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും (എഐഎഫ്എഫ്) ഹെഡ് കോച്ച് മനോലോ മാർക്കസുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ഈ തീരുമാനമെടുത്തത്.
ഇന്ത്യക്ക് പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ മുന്നിൽ ഉള്ളതിനാൽ, ഛേത്രിയുടെ പരിചയസമ്പത്തും നേതൃത്വവും ടീമിന് കാര്യമായ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്ക് കഴിവുറ്റ മറ്റൊരു സ്ട്രൈക്കറെ കണ്ടെത്താൻ ആകാത്തതും ഈ തീരുമാനത്തിന് കാരണമായി.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ ഛേത്രി അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ വീണ്ടും ഇന്ത്യക്ക് ആയി കളിക്കും.
40 വയസ്സുകാരനായ ഛേത്രി മൂന്നാം റൗണ്ടിലെ പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെയാണു കളിക്കിറങ്ങുക. മാർച്ച് 25നാണു മത്സരം. ഇന്ത്യൻ ഫുട്ബോൾ ടീം സോഷ്യൽ മീഡിയയിലൂടെയാണു സൂപ്പർ താരത്തിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചെങ്കിലും ഐ.എസ്.എല്ലിൽ ബെംഗളൂരു എഫ്സിക്കായി ഛേത്രി നിലവിലെ സീസണിലും കളിക്കുന്നുണ്ട്.
2024 ജൂണിലാണ് സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചത്. കുവൈത്തിനെതിരെ സമനില വഴങ്ങിയ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഛേത്രി ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. ബെംഗളൂരു എഫ്സിക്കു വേണ്ടി ഈ സീസണിൽ 12 ഗോളുകള്‍ താരം നേടിയിട്ടുണ്ട്