നിർമ്മാതാക്കളും തീയേറ്റർ ഉടമകളും തമ്മിലുള്ള തർക്കത്തിൽ കുടുങ്ങി കിടക്കുകയാണ് മലയാള സിനിമ . ഇപ്പോഴിതാ പുത്തൻ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന തീരുമാനം തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനുള്ളിൽ തന്നെ ഇടച്ചിലിന് കാരണമാകുന്നു. കലാപക്കൊടി ഉയർത്തിയതിനൊപ്പം ഒരുവിഭാഗം ബദൽ കൂട്ടായ്മയ്ക്കുള്ള ആലോചനയിലുമാണ്.
ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് 42 ദിവസത്തിനുശേഷം മാത്രം സിനിമ നൽകുക, ഇഷ്ടമുള്ള പ്രൊജക്ഷൻ സംവിധാനം ഏർപ്പെടുത്താൻ അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ നിർമാതാക്കൾക്ക് മുമ്പാകെ ഉയർത്തിയാണ് ഫിയോക് 23 മുതൽ മലയാളം സിനിമകളുടെ റിലീസ് നിർത്തിയത്. എന്നാൽ, ഇത് പ്രസിഡന്റ് കെ. വിജയകുമാറിന്റെ ഏകപക്ഷീയ തീരുമാനമാണെന്നാരോപിച്ചാണ് ഒരു വിഭാഗം രംഗത്തുവന്നിട്ടുള്ളത്. ചർച്ച നടത്തുന്നതിനു പകരം ധൃതിയിൽ സമരം പ്രഖ്യാപിക്കുകയായിരുന്നെന്നും ഇത് സിനിമയെ തകർക്കാൻ മാത്രമേ ഉപകരിക്കുവെന്നുമാണ് ഇവർ പറയുന്നത്.
നിർമാതാക്കൾ കൂടിയായ നടൻ ദിലീപും ആന്റണി പെരുമ്പാവൂരുമാണ് യഥാക്രമം ഫിയോക്കിന്റെ ചെയർമാനും വൈസ് ചെയർമാനും. ഫിയോക്കിന്റെ ആരോപണങ്ങൾ ഫലത്തിൽ ഇവരെയും ബാധിക്കുന്ന അവസ്ഥയാണിപ്പോൾ. ദിലീപ് നായകനായ ‘തങ്കമണി’ മാർച്ച് ഏഴിന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ്. നാദിർഷാ സംവിധാനം ചെയ്ത ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ 23 -ന് റിലീസ് ചെയ്യേണ്ടതായിരുന്നു. സമരത്തെത്തുടർന്ന് മാർച്ച് ഒന്നിലേക്ക് റിലീസ് മാറ്റി.
ഈ സാഹചര്യത്തിലാണ് പ്രസിഡന്റിനോട് എതിർപ്പുള്ളവർ ദിലീപിനൊപ്പം ചേർന്ന് പുതിയ സംഘടനയ്ക്കുള്ള ആലോചന തുടങ്ങിയത്. മുമ്പ് ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള കേരള ഫിലിം എക്സിബിറ്റേഴ്‌സ് ഫെഡറേഷനായിരുന്നു തിയേറ്ററുടമകളുടെ പ്രബല സംഘടന. ബഷീറിനോടുള്ള എതിർപ്പിൽ ഒരുവിഭാഗം പിളർന്നുമാറിയുണ്ടായതാണ് ഫിയോക്.സംഘടനയ്ക്കുള്ളിൽ പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരേ എതിർപ്പുണ്ടായിട്ടുണ്ടെന്ന് ഒരു മുതിർന്ന ഭാരവാഹി വെളിപ്പെടുത്തി. തർക്കങ്ങളെല്ലാം ഈയാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നും പിളർപ്പിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also : പ്രധാനമന്ത്രി തലസ്ഥാനത്ത്; ഗഗന്‍യാൻ യാത്രികരായ മലയാളികൾ ആരെന്ന് ഉടനറിയാം