കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തെത്തുടര്‍ന്ന് ഹോസ്റ്റലില്‍ കടുത്ത അച്ചടക്ക നടപടിക്ക് ഒരുങ്ങി സര്‍വകലാശാല. ഹോസ്റ്റലില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ഓരോ നിലകളിലും പ്രത്യേകം ചുമതലക്കാരെ നിയോഗിക്കും. അസിസ്റ്റന്റ് വാര്‍ഡനാകും ഹോസ്റ്റലിന്റെ മൊത്തം ചുമതല തുടങ്ങിയ മാറ്റങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി ജി ശശീന്ദ്രനാണ് പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. നേരത്തെ അസിസ്റ്റന്റ് വാര്‍ഡന്‍ നാലുവര്‍ഷമായി ഹോസ്റ്റലിന്റെ ചുമതലക്കാരനായി തുടരുകയായിരുന്നു. ഇനി ഇത്തരത്തില്‍ നിയമനം ഉണ്ടാകില്ല. പകരം ഓരോ വര്‍ഷവും പുതിയ ചുമതലക്കാരെ നിയോഗിക്കാനാണ് തീരുമാനം.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അധികൃതര്‍ അറിയും മുമ്പേ ആംബുലന്‍സ് കോളജില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം. മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സിന് അനുമതി കിട്ടിയത് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ്. എഫ്‌ഐആറില്‍ മരണവിവരം അറിയുന്നത് വൈകീട്ട് നാലരയോടെയെന്നാണ്. മൃതദേഹം ഇറക്കാന്‍ പൊലീസിനെ വിളിച്ച് അനുമതി വാങ്ങിയിരുന്നതായി ആംബുലന്‍സില്‍ എത്തിയവര്‍ അധികൃതരോട് പറഞ്ഞിരുന്നു.
മഹസര്‍ തയ്യാറാക്കുന്നതു വരെ സംഭവ സ്ഥലം സീല്‍ ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. തൂങ്ങിമരണം ആത്മഹത്യയോ കൊലപാതകമോയെന്ന് സംശയം ഉയര്‍ന്നാല്‍ സെല്ലോഫൈന്‍ ടേപ് ടെസ്റ്റ് നടത്തിയാണ് സംശയം നീക്കുക. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചപ്പോള്‍ തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചെന്ന് പറയപ്പെടുന്ന മുണ്ട് കൊണ്ടുവന്നില്ലെന്ന് ബത്തേരി താലൂക്ക് ആശുപത്രി സര്‍ജന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിദ്ധാർത്ഥന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളിൽ 19 പേർക്ക് നേരിട്ടു പങ്കുണ്ടെന്നാണ് കോളജിലെ ആന്റി റാഗിങ് കമ്മിറ്റി കണ്ടെത്തിയിരുന്നത്. ഇവരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും 3 വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കേസിൽ 18 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ പേരെ പ്രതിയാക്കാൻ വേണ്ടത്ര തെളിവുകൾ ഇപ്പോൾ ഇല്ലെന്ന് പൊലീസ് പറയുന്നു.