ചോദ്യ പേപ്പർ ചോർച്ചയും കോപ്പിയടിയും തടയാൻ പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രം. വെള്ളിയാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. പേപ്പറുകൾ ചോർത്തുകയോ ഉത്തരക്കടലാസിൽ കൃത്രിമം കാട്ടുകയോ ചെയ്താൽ കുറഞ്ഞത് മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് ഇത് ചുമത്തുന്നത്. (new law to stop Leakage of papers or tampering with answer sheets)
ഇത് 10 ലക്ഷം രൂപ വരെ പിഴയോടെ അഞ്ച് വർഷം വരെ നീട്ടാം. ഇന്ത്യയിലുടനീളമുള്ള പൊതു പരീക്ഷകളിൽ നീതി ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായിട്ടാണ് ഈ പുതിയ നിയമം കാണുന്നത്.
ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ ( പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് ) ആക്ട് 2024ന്റെ വ്യവസ്ഥകളാണ് വിജ്ഞാപനം ചെയ്തത്. പരീക്ഷാ അതോറിറ്റിയോ സേവനദാതാക്കളോ സംഘടിത കുറ്റകൃത്യം ചെയ്താൽ അഞ്ച് മുതൽ പത്ത് വർഷം വരെ തടവും ഒരു കോടി രൂപ പിഴയും ലഭിക്കും.
മെയ് 5-ന് നടന്ന നീറ്റ് – യു ജി 2024 പരീക്ഷയിലെ ക്രമക്കേട് സുപ്രീം കോടതിയിൽ ഉൾപ്പെടെ പ്രതിഷേധങ്ങൾക്കും കോടതി കേസുകളിലേക്കും നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.