മുംബയ്: നടൻ അജാസ് ഖാൻ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി രംഗത്ത്. റിയാലിറ്റി ഷോയിലൂടെ അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന്റെ പേരിൽ നേരത്തെ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് യുവതി ബലാത്സംഗ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചാർകോപ്പ് പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അജാസ് ഖാൻ അവതാകരനായ റിയാലിറ്റി ഷോയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം ചെയ്തും ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഹൗസ് അറസ്റ്റ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയുടെ വേഷം വാഗ്ദാനം ചെയ്താണ് അജാസ് ഖാൻ വിളിച്ചതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഷൂട്ടിംഗിനിടെ അജാസ് ആദ്യം യുവതിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. പിന്നീട് ഇവരുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് ആരോപണം.
ഹൗസ് അറസ്റ്റ് എന്ന പരിപാടിക്കിടയിൽ മത്സരാർത്ഥികളോട് കാമസൂത്രയിലെ വിവിധ സെക്സ് പൊസിഷനുകൾ അനുകരിക്കാൻ അജാസ് ഖാൻ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.