തെരുവുനായ റോഡിന് കുറുകെ ചാടി; രക്ഷപ്പെട്ടത് ഹെൽമറ്റ് ഉള്ളതുകൊണ്ട് മാത്രം; ബൈക്ക് മറിഞ്ഞ് എസ്.എച്ച്.ഒയ്ക്ക് പരുക്ക്
നെടുമങ്ങാട്: റോഡിന് കുറുകെ തെരുവുനായ ചാടിയതിന് പിന്നാലെ ബൈക്കിൽ നിന്ന് മറിഞ്ഞുവീണ് നെടുമങ്ങാട് സ്റ്റേഷനിലെ എസ്എച്ച്ഒ വി. രാജേഷ് കുമാറിന് പരിക്കേറ്റു. അപകടത്തിൽ കൈക്കും കാലിനും പൊട്ടൽ ഉണ്ട്. തെരുവുനായ വന്ന് ഇടിച്ചതും രാജേഷ് റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ തലയിൽ ഹെൽമെറ്റ് ധരിച്ചിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.
അദ്ദേഹത്തിന്റെ ഇടതുകാലിനും കൈക്കുമാണ് പരിക്ക് പറ്റിയത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പോത്തൻകോട്ടെ കുടുംബവീട്ടിലേക്കു പോകുന്നതിനിടെ ആയിരിന്നു അപകടം നടന്നത്. നന്നാട്ടുകാവ് ജംഗ്ഷനിൽ എത്തിയതും നായ ബൈക്കിൽ ഇടിക്കുകയിരുന്നു. ഉടനെ തന്നെ ബൈക്കിൽ നിന്ന് വീണു കുറച്ചുദൂരം റോഡിലൂടെ നിരങ്ങി പോയെന്നും അദ്ദേഹം പറയുന്നു. അതുപോലെ ഈ പ്രദേശത്ത് വ്യാപകമായി ഹോട്ടൽമാലിന്യം തള്ളുന്നതായും പരാതി ഉണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവുനായ ശല്യം വളരെ രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.
പൊതുയോഗത്തിനിടെ തെരുവുനായയുടെ ആക്രമണം
പത്തനംതിട്ട: പ്രതിഷേധ പൊതുയോഗത്തിനിടെ അപ്രതീക്ഷിതമായി തെരുവുനായയുടെ ആക്രമണം. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് റാന്നിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. യോഗത്തിൽ പങ്കെടുക്കുകയായിരുന്ന സിഐടിയു യൂണിറ്റ് സെക്രട്ടറി പി.ഐ. ബഷീറിനാണ് തെരുവുനായയുടെ കടിയേറ്റത്. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് ശേഷമുള്ള സമാപന യോഗത്തിലായിരുന്നു സംഭവം. പ്രസംഗം ശ്രദ്ധിച്ച് കേട്ടുനിൽക്കുകയായിരുന്നു ബഷീർ.
സദസ്സിന്റെ പിൻനിരയിലായിരുന്നപ്പോഴാണ് നായയുടെ ആക്രമണത്തിന് ഇരയായത്. കടിയേറ്റ ഉടൻതന്നെ നായ ഓടിമറഞ്ഞു. ബഷീറിനൊപ്പമുണ്ടായിരുന്നവർ നായക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി സംശയം പ്രകടിപ്പിച്ചു. കടിയേറ്റ ബഷീറിനെ ഉടൻതന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ വാക്സിൻ നൽകുകയും ചെയ്തു.
ഭാഗ്യവശാൽ, നായ മറ്റാരെയും കടിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ആക്രമണം നടത്തിയ നായയെ പിന്നീട് കണ്ടെത്താനായിട്ടില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുപതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് അക്രമാസക്തനായ തെരുവുനായ ഇരുപതോളം പേരെ കടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. പോത്തൻകോട് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ നായയുടെ ആക്രമണം ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെ തുടർന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
മൂന്ന് സ്ത്രീകളും ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഇരുപതോളം പേരെ നായ ആക്രമിച്ചു. കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. നഗരത്തിലേക്ക് എത്തിയ നായയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. നായയെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും.
കബഡി താരം മരിച്ചത് പേവിഷബാധയെ തുടർന്ന്
മീററ്റ്: പട്ടിക്കുട്ടി കടിച്ച് രണ്ടുമാസത്തിനു ശേഷം യുവാവിന് പേവിഷബാധ.ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി ബ്രിജേഷ് സോളങ്കിയാണ് പേവിഷബാധയെ തുടർന്ന് മരിച്ചത്.സംസ്ഥാന കബഡി ടീമിലെ അംഗമാണ് ഇരുപത്തിരണ്ടുകാരനായ ബ്രിജേഷ് സോളങ്കി.ആരോഗ്യനില അതീവഗുരുതരമായതോടെ നോയിഡയിലെ ആശുപത്രിയിൽ നിന്നും മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവാവ് മരിച്ചത്.
രണ്ടുമാസം മുമ്പ് കാനയിൽ വീണ ഒരു നായക്കുട്ടിയെ ബ്രിജേഷ് സോളങ്കി രക്ഷിച്ചിരുന്നു.ഈ സമയത്ത് നായക്കുട്ടിയുടെ കടിയേൽക്കുകയും ചെയ്തിരുന്നു. യുവാവ് അതത്ര കാര്യമായെടുത്തിരുന്നില്ല.എന്നാൽ, രണ്ടുമാസത്തിന് ശേഷമാണ് സോളങ്കി പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്.ജൂൺ 26ന് പരിശീലനത്തിനിടെയാണ് സോളങ്കിക്ക് മരവിപ്പ് അനുഭവപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയിലേക്കും നില ഗുരുതരമായതോടെ നോയിഡയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
സോളങ്കി വെള്ളത്തോട് ഭയം കാണിക്കുകയും പേവിഷബാധയേറ്റ എല്ലാ ലക്ഷണങ്ങളും കാണിക്കാൻ തുടങ്ങിയെന്നും സഹോദരൻ പറഞ്ഞു.ഖുർജയിലും അലിഗഢിലും ഡൽഹിയിലുമുള്ള ആശുപത്രികളിലെത്തിച്ചെങ്കിലും അവർ ചികിൽസ നിഷേധിക്കുകയായിരുന്നു.നോയിഡയിലുള്ള ഡോക്ടർമാരാണ് പേവിഷബാധയേറ്റിരിക്കാം എന്ന് വ്യക്തമാക്കി.ഒടുവിൽ മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അവൻ മരിച്ചതെന്നും സഹോദരൻ പറഞ്ഞു.
പട്ടിക്കുട്ടിയെ കാനയിൽ നിന്നുമെടുത്തപ്പോൾ ഏറ്റ കടി സോളങ്കി കാര്യമാക്കിയിരുന്നില്ലെന്ന് കബഡി കോച്ച് പ്രവീൺ കുമാർ പറഞ്ഞു.‘ദിവസവും കബഡി കളിക്കുന്നതിൻറെ ഭാഗമായുണ്ടായ വേദനയെന്നാണ് അവൻ കരുതിയത്.മുറിവും ചെറുതായതിനാൽ കാര്യമാക്കിയില്ല. അതിനാൽ തന്നെ വാക്സിൻ എടുത്തില്ല,’ കോച്ച് പറഞ്ഞു. ബ്രിജേഷ് സോളങ്കിയുടെ മരണത്തിന് പിന്നാലെ അധികൃതർ ഗ്രാമത്തിലെത്തി. 29 ഗ്രാമീണരിൽ വാക്സിനെടുത്ത അധികൃതർ ബോധവൽക്കരണവും നടത്തി.
ENGLISH SUMMARY:
Nedumangad SHO Injured After Stray Dog Causes Road Accident. Nedumangad Station House Officer (SHO) V. Rajesh Kumar sustained injuries after a stray dog suddenly jumped across the road, leading to a serious bike accident. The incident occurred when the dog collided with the officer’s motorcycle, causing him to lose control and fall onto the road. He suffered fractures in both his arm and leg.