36 ദിവസം നീണ്ട നവകേരള സദസ്സിന് സമാപനം. തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സദസ്സിനു സമാപനമായത്. തുടർച്ചയായ വിവാദങ്ങൾക്കും പ്രതിഷേധ പരമ്പരകൾക്കുമിടെയാണ് നവകേരള സദസിന്റെ സമാപനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളില്‍ പൂര്‍ത്തിയാക്കും. നവകേരള സദസിനെ ചൊല്ലിയുള്ള പ്രതിഷേധവും പ്രതിരോധവും കരിങ്കൊടിയും ജീവൻരക്ഷാ സേനയും ഷൂവേറും തുടങ്ങി തെരുവ് യുദ്ധത്തോളമെത്തി. സർക്കാർ നിർദേശങ്ങളും പണപ്പിരിവും കോടതി കയറി. നവംബർ 18ന് കാസർകോട് നിന്ന് തുടങ്ങിയ യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചെന്നാണ് മുഖ്യമന്ത്രിയുടെ അവകാവശവാദം. സംസ്ഥാനത്തിൻറെ വികസന നേട്ടങ്ങളും കേന്ദ്ര അവഗണനയും നവകേരള സദസ്സിലൂടെ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞുവെന്നാണ് സർക്കാരിൻറെ വിലയിരുത്തൽ.
സമാപന സമ്മേളന വേദിയായ വട്ടിയൂർക്കാവിലേക്ക് റൂട്ട് മാറ്റിയാണ് മുഖ്യമന്ത്രിയും സംഘവും നീങ്ങിയത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് കെപിസിസി വഴിയുള്ള യാത്ര മാറ്റി പേരൂർക്കട വഴി ആക്കിയത്. വട്ടിയൂർക്കാവിലും പ്രതിപക്ഷ പാർട്ടികൾ സഖ്തമായ പ്രതിഷേധമുയർത്തി. വികസന പ്രവർത്തനങ്ങൾ തുടരാൻ സംസ്ഥാനത്തിന് അർഹിച്ച പണം കേന്ദ്രം തന്നെ മതിയാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് നേരെ പതിനാല് ജില്ലകളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചിരുന്നു. കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം പ്രവർത്തകർ ചെടിച്ചട്ടി കൊണ്ടും ഹെൽമറ്റും കൊണ്ടും അടിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. പിന്നാലെ മറ്റ് ജില്ലകളിലും കരിങ്കൊടി പ്രതിഷേധവും ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന സാഹചര്യവും ഉണ്ടായി.