ന്യൂഡല്‍ഹി: പരീക്ഷ കേന്ദ്രം തിരിച്ചുള്ള നീറ്റ് യുജിയുടെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. എന്‍ടിഎ വെബ് സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.(National Testing Agency announces centre and city-wise results of NEET-UG)
പുതിയ ഫലം പ്രസിദ്ധീകരിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഒഴിവാക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് വിവരങ്ങള്‍ മാസ്‌ക് ചെയ്താണ് ഫലം പ്രസിദ്ധീകരിച്ചത്. വെള്ളിയാഴ്ച അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കാനാണ് കോടതി ആദ്യം നിര്‍ദേശിച്ചത്. എന്നാൽ എന്‍ടിഎ ആവശ്യപ്പെട്ടത് അനുസരിച്ച് സമയം നീട്ടി നൽകുകയായിരുന്നു. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇനി 22ന് പരിഗണിക്കും.
അതേസമയം പരീക്ഷയുടെ മുഴുവന്‍ പവിത്രതയെയും ബാധിച്ചെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ, പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നീറ്റ് യുജി കേസിലെ വിധിക്കു സാമൂഹ്യമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിനു കുട്ടികള്‍ കേസിന്റെ തീര്‍പ്പിനു കാത്തിരിക്കുകയാണെന്നും കോടതി പറഞ്ഞു.