ഭൂമിയിൽ അല്ലാതെ ജീവന്റെ സാന്നിധ്യം മറ്റു ഗ്രഹങ്ങളിൽ ഉണ്ടോയെന്ന് മനുഷ്യരുടെ പണ്ടുമുതലുള്ള ചോദ്യമാണ്. അന്യഗ്രഹ ജീവികളെ കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ടെങ്കിലും അതിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നുമില്ല. എന്നാൽ ഇപ്പോഴിതാ അന്യഗ്രഹ ജീവൻ തേടിയുള്ള പുതിയ ദൗത്യം പ്രഖ്യാപിച്ചിരിക്കുകയാണ് നാസ.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ടുള്ള ക്ലിപ്പർ പേടകം ഒക്ടോബറിൽ വിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം. ഓക്‌സിജൻ കൂടുതലുള്ള യൂറോപ്പയുടെ പ്രതലം ഐസ് കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. അതിനടിയിൽ സമുദ്രം ഉണ്ടാവാനിടയുണ്ടെന്നാണ് അനുമാനം. ഇക്കാരണത്താൽ തന്നെ ഭൂമിയെ കൂടാതെ ജീവൻ നിലനിൽക്കാനിടയുള്ള ഇടമായാണ് യൂറോപ്പയെ കണക്കാക്കുന്നു.
പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണോ എന്ന അടിസ്ഥാനമായ ചോദ്യത്തിനുത്തരമാണ് നാസ കണ്ടെത്താൻ ആഗ്രഹിക്കുന്നതെന്ന് ക്ലിപ്പർ ദൗത്യത്തിന്റെ പ്രൊജക്ട് സയന്റിസ്റ്റായ ബോബ് പാപ്പലാർഡോ പറയുന്നു.
മറ്റൊരു ഗ്രഹത്തിൽ ജീവിത സാഹചര്യങ്ങൾ കണ്ടെത്താൻ സാധിച്ചാൽ എന്നെങ്കിലും യൂറോപ്പ പോലുള്ള ഒരു സ്ഥലത്ത് ജീവൻ കണ്ടെത്താൻ നമുക്ക് സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
500 കോടി ഡോളർ ചെലവ് വരുന്ന ദൗത്യമാണിത്. കാലിഫോർണിയയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലാണ് ഇപ്പോൾ പേടകമുള്ളത്. അത് ഇവിടെ നിന്ന് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ എത്തിക്കുകയും സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിൽ വിക്ഷേപിക്കുകയും ചെയ്യും.
അഞ്ച് വർഷത്തിലേറെ നീണ്ടുനിൽക്കുന്ന യാത്രയ്ക്കിടെ യാത്രാ വേഗം കൈവരിക്കുന്നതിനായി ചൊവ്വയ്ക്ക് അരികിലൂടെയും പേടകം കടന്നുപോവും. 2031 ൽ വ്യാഴത്തെയും യൂറോപ്പയെയും ചുറ്റുന്ന ഭ്രമണ പഥത്തിൽ പേടകം എത്തും.