‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഒരു കോടി വീടുകളില്‍ പുരപ്പുറ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് മോദിയുടെ പ്രഖ്യാപനം.
“ലോകത്തിലെ എല്ലാ ജനങ്ങൾക്കും എപ്പോഴും ഊർജ്ജം ലഭിക്കുന്നത് സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽ നിന്നാണ്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ ശുഭകരമായ ഈ അവസരത്തിൽ, ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ വീടുകളുടെ മേൽക്കൂരയിൽ സ്വന്തമായി സോളാർ റൂഫ് ടോപ്പ് സിസ്റ്റം ഉണ്ടായിരിക്കണം എന്ന എന്റെ ആഗ്രഹം കൂടുതൽ ശക്തിപ്പെട്ടു. അയോധ്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഞാൻ എടുത്ത ആദ്യ തീരുമാനം, 1 കോടി വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സർക്കാർ “പ്രധാനമന്ത്രി സൂര്യോദയ യോജന” ആരംഭിക്കും എന്നതാണ്. ഇത് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും,” പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.