കാസർകോട്: തീഗോളം വിഴുങ്ങുമെന്ന് തോന്നിയപ്പോൾ തൃക്കരിപ്പൂർ സ്വദേശി നളിനാക്ഷൻ എടുത്തു ചാടി. കാലന്റെ വായിൽ നിന്നായിരുന്നു ആ രക്ഷപ്പൊൽ. കുവൈറ്റിലെ മംഗഫ് ബ്ലോക്ക് നാലിൽ എൻബിടിസി കമ്പനിയുടെ തൊഴിലാളികളുടെ ക്യാംപിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നിന്നും നളിനാക്ഷൻ രക്ഷപെട്ടത് അത്ഭുതകരമായാണ്.Miraculously, Nalinaction survived the fire that broke out in the flats of the workers’ camp of the NBTC company in Mangaf Block 4, Kuwait
മുറിയിൽ പുക നിറയുകയും വെന്തുമരിക്കുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ നളിനാക്ഷൻ താഴെയുള്ള വാട്ടർ ടാങ്കിലേക്ക് ചാടുകയായിരുന്നു. ശരീരത്തിൽ പരിക്കുകൾപറ്റിയെങ്കിലും നളിനാക്ഷന് ജീവൻ രക്ഷിക്കാൻ സാധിച്ചു.
‘കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീയിലും പുകയിലും പെട്ടപ്പോൾ എന്തു ചെയ്യണമെന്നു നിശ്ചയമില്ലായിരുന്നു. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം ഓർത്തത്. ചാടാൻ പറ്റുന്ന പാകത്തിലാണെന്നും ഓർത്തു. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തു ചാടി. വീഴ്ചയിൽ അരയ്ക്കു താഴെ പരുക്കേറ്റു. ആശുപത്രിയിൽ എത്തുന്നതുവരെ ബോധമുണ്ടായില്ല’– നളിനാക്ഷൻ പറഞ്ഞു.
10 വർഷത്തിലേറെയായി കുവൈത്തിൽ ജോലിയെടുക്കുന്ന നളിനാക്ഷൻ, വിവിധ സംഘടനകളുമായി ചേർന്നു സന്നദ്ധ പ്രവർത്തനവും നടത്തുന്നുണ്ട്.
നിരവധി പേർ തീപിടിത്തത്തിൽ മരിച്ചുവെന്ന വാർത്ത പരന്നതോടെ അമ്മ യശോദയും ഭാര്യ ബിന്ദുവും സഹോദരങ്ങളും ആധിയിലായിരുന്നു. പിന്നീട് നളിനാക്ഷൻ ഇവരുമായി ഫോണിൽ സംസാരിച്ചതോടെയാണ് കുടുംബാംഗങ്ങൾക്ക് ആശ്വാസമായത്.