നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചു മകൻ ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ഇവർക്ക് ജീവപര്യന്തവും രണ്ടു ലക്ഷം വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. മണ്ണാർക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. വിധിയിൽ തൃപ്തിയെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. കൊലപാതകക്കുറ്റം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞു.
തെളിവ് നശിപ്പിച്ചതിന് ഒന്നാം പ്രതി ബഷീറിന് ഏഴ് വർഷം അധിക തടവും കോടതി വിധിച്ചിട്ടുണ്ട്. എട്ടു വർഷം നീണ്ട വിചാരണയ്ക്കു ശേഷമാണ് കേസിൽ വിധി വരുന്നത്. 2016 ജൂൺ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി വയോധികയെ കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. മരണം ഉറപ്പാക്കിയ ശേഷം ചാക്കിൽകെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.