മുക്കിലും മൂലയിലും ചെക്കിംഗിനിറങ്ങുന്നവരാണ് എം.വി.ഡി. നാട്ടുകാരുടെ വണ്ടിക്ക് ബുക്കും പേപ്പറും ഉണ്ടോ, റോഡിലൂടെ ഓടിക്കാൻ ഫിറ്റാണോ എന്നൊക്കെ പരിശോധിക്കുന്ന ഏമാൻമാരുടെ 135 വണ്ടികൾ അൺഫിറ്റാണെന്ന് വീൽസിന്റെ രേഖകൾ. സംസ്ഥാന സർക്കാരിന്റെ വാഹന മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറാണ് വീൽസ്.
സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ 3591 വാഹനങ്ങൾ റോഡിലിറങ്ങാൻ പോലും പറ്റാത്ത കണ്ടീഷനിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏതാണ്ട് തീർന്നു എന്നു തന്നെ പറയാം. അൺഫിറ്റ് വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത് പോലീസ് വകുപ്പിന്റേതാണ്.
ഇത്തരത്തിൽ 916 വാഹനങ്ങളാണ് പോലീസിന്റെ പക്കലുള്ളത്. ആരോഗ്യവകുപ്പിലെ 610 വാഹനങ്ങൾ പൂർണമായും അനാരോഗ്യം ബാധിച്ചവയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ നിത്യജീവിതവുമായി ഏറെ ബന്ധപ്പെടുന്ന രണ്ട് പ്രധാന വകുപ്പുകളിലെ 1526 വാഹനങ്ങൾ നിരത്തിലിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്.
ക്രമസമാധാന പ്രശ്‌നങ്ങൾക്കു പുറമെ രക്ഷാപ്രവർത്തനങ്ങൾക്കും, വിഐപി സുരക്ഷ, ആരോഗ്യ- ജീവൻ രക്ഷാ പരിപാടികൾക്കും ഓരോ മിനിറ്റിലും പോകേണ്ടി വരുന്ന പോലീസിലും ആരോഗ്യ വകുപ്പിലും മൊത്തം പൊട്ട വണ്ടികളാണ്. തീപിടുത്തമോ, ദുരന്തമോ ഉണ്ടായാൽ പാഞ്ഞെത്തേണ്ട ഫയർഫോഴ്‌സിലും കണ്ടം ചെയ്യാറായ 116 വാഹനങ്ങളുണ്ട്.
ഇത്തരത്തിലുള്ള തല്ലിപ്പൊളി വണ്ടികൾ എല്ലാ വകുപ്പിലുമുണ്ടെന്നാണ് വീൽസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. റവന്യൂവിൽ 100, ജിഎസ്ടി – 86, എക്‌സൈസ് 58 എന്നിങ്ങനെ പോകുന്നു വീൽസിന്റെ കണക്കുകൾ. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ നിയമ പ്രകാരം 15 വർഷം കഴിഞ്ഞ എല്ലാ വണ്ടികളും ഒഴിവാക്കണമെന്നാണ്.
എന്നാൽ സംസ്ഥാന വകുപ്പുകളിലെ ഭുരിപക്ഷം വണ്ടികളും 15 വർഷം കഴിഞ്ഞവയാണെന്നതാണ് യാഥാർഥ്യം. മിക്കവയും ദയാവധം കാത്തു കിടക്കുന്നവയാണ്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് കളയുന്നതിനായി കേന്ദ്രം 150 കോടി രൂപയുടെ സ്‌ക്രാപ്പേജ് സ്‌കീം കേരളത്തിന് അനുവദിച്ചിട്ടുണ്ട്.
പഴയ വാഹനങ്ങൾ പൊളിക്കുന്നതിനായി രജിസ്‌ട്രേർഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റീസ് കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും ഇതുവരെ കേരളത്തിൽ അത്തരം കേന്ദ്രങ്ങൾ തുടങ്ങിയിട്ടില്ല. ഇത്തരം ഒരു കേന്ദ്രം കെഎസ്ആർടിസിയുടെ നേതൃത്വത്തിലും ബാക്കി രണ്ടെണ്ണം ടെണ്ടർ വിളിച്ച് നൽക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
കാലാവധി തീർന്ന വാഹനങ്ങൾ പടിപടിയായി നിരത്തുകളിൽനിന്ന് ഒഴിവാക്കുകയാണ് സ്‌ക്രാപ്പേജ് പോളിസി അഥവാ പൊളിക്കൽ നയം എന്നു പറയുന്നത്. മലിനീകരണം കുറയ്ക്കുക, ഇന്ധന ഇറക്കുമതി കുറയ്ക്കുക, സിഎൻജി-വൈദ്യുതി വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഇന്ധനക്ഷമത കൂടിയ വാഹനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് സ്‌ക്രാപ്പേജ് പോളിസിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.