എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ എം.വി.ഡി. കർശന നടപടി
കൊച്ചി: ഗതാഗത നിയമം ലംഘിച്ച് എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (MVD) ശക്തമായ നടപടിയുമായി രംഗത്ത്.
അന്തർ സംസ്ഥാന ബസുകൾ അടക്കം നിരവധി വാഹനങ്ങളിലാണ് എയർഹോൺ ഘടിപ്പിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ തന്നെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ എംവിഡി ഉദ്യോഗസ്ഥർ വ്യാപകമായി പരിശോധന നടത്തി.
പരിശോധനയിൽ എയർഹോൺ ഘടിപ്പിച്ച നിരവധി ബസുകളും സ്വകാര്യ വാഹനങ്ങളും കണ്ടെത്തിയതോടെ അവ ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശം നൽകി.
പിടിച്ചെടുത്ത എയർഹോൺ റോഡ് റോളർ ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഈ നടപടികൾക്ക് നേതൃത്വം നൽകിയത് ഗതാഗത വകുപ്പ് മന്ത്രിയായ കെ.ബി. ഗണേഷ്‌കുമാറിന്റെ നേരിട്ടുള്ള നിർദേശത്തെ തുടർന്നാണ്.
മന്ത്രിയുടെ നിർദേശപ്രകാരം, എയർഹോൺ പിടിച്ചെടുക്കലിനൊപ്പം അവ റോഡ് റോളർ ഉപയോഗിച്ച് പൊളിച്ച് നശിപ്പിക്കുന്നതും പൊതുവിൽ പ്രദർശിപ്പിക്കണമെന്നും എംവിഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ എം.വി.ഡി. കർശന നടപടി
ഇതിന്റെ ഭാഗമായി കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ ഈ ദൃശ്യങ്ങൾ മാധ്യമങ്ങൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.
എയർഹോൺ നിരോധനം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ സംസ്ഥാനമൊട്ടാകെ പരിശോധന വ്യാപിപ്പിക്കാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്തെ മറ്റു ജില്ലകളിൽ സമാനമായി വൻതോതിൽ എയർഹോൺ പിടിച്ചെടുത്തിരുന്നു.
പരിശോധന തുടരുന്ന സാഹചര്യത്തിൽ, നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ശബ്ദ മലിനീകരണത്തിനെതിരെ സംസ്ഥാനത്ത് ഈ നീക്കം ഒരു മാതൃകാ നടപടിയായി മാറിയിരിക്കുകയാണ്.









