ന്യൂസ് ഡസ്ക്ക് :കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ അണിനിരത്തി മുസ്ലീം ലീഗ് നടത്തിയ പാലസ്തീൻ ഐക്യദാർഢ്യസമ്മേളനം വലിയതോതിൽ വാർത്താപ്രധാന്യം നേടിയിരുന്നു. സമാനമായ രീതിയിൽ അല്ലെങ്കിലും ഭിന്നിച്ച് നിൽക്കുന്ന മുസ്ലീം മതനേതാക്കളെ ഒരേ വേദിയിലെത്തിക്കുക ലക്ഷ്യമിട്ടാണ് സിപിഐഎം പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്താൻ പോകുന്നത്. പതിനൊന്നാം തിയതി ശനിയാഴ്ച്ച കോഴിക്കോട് സരോവരം ട്രേഡ് സെന്ററിലാണ് സിപിഐഎംന്റെ സമ്മേളനം. ലീഗുമായി ഭിന്നിച്ച് നിൽക്കുന്ന സമസ്ത സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. മറ്റ് മതനേതാക്കളും വേദിയിലെത്തും.യുഡിഎഫ് കക്ഷിയായ ലീഗിനെ യോഗത്തിലേയ്ക്ക് ആദ്യം ക്ഷണിച്ചിരുന്നില്ല. രാഷ്ട്രിയമായി മറുചേരിയിൽ നിൽക്കുന്നതിനാൽ ക്ഷണം നിരസിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷെ, പാലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചാൽ പോകുമെന്ന് ലീഗിന്റെ മുതിർന്ന നേതാവും പൊന്നാനി എം.പിയുമായ ഇടി മുഹമ്മദ് ബഷീർ പറഞ്ഞതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. അന്ന് തന്നെ ഔദ്യോഗികമായി ലീഗ് നേതൃത്വത്തെ യോഗത്തിലേയ്ക്ക് സിപിഐഎം ക്ഷണിച്ചു. എം.കെ.മുനീർ അടക്കമുള്ള നേതാക്കൾ എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും പാലസ്തീൻ വിഷയത്തിൽ തർക്കം വേണ്ടെന്നാണ് ഇത് വരെയുള്ള പൊതു നിലപാട്.സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് നേതാക്കളുടെ യോഗം ചേര്‍ന്നശേഷം അറിയിക്കുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ഇക്കാര്യം തീരുമാനിക്കാൻ ശനിയാഴ്ച്ച കോഴിക്കോട് ലീഗ് ഹൗസില്‍ യോഗം ചേരും. ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞ കാര്യം മുഖവിലക്കെടുക്കും. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും സലാം പറഞ്ഞു. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെന്നത് പൊതുകാര്യമാണ്. മനുഷ്യാവകാശ പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. തീരുമാനമെടുക്കുമ്പോള്‍ വേണമെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നാണ് സലാം പറഞ്ഞത്.
ഏത് രാഷ്ട്രിയ വിഷയത്തിലും എൽഡിഎഫിനെതിരെ നിലപാട് എടുത്ത് യുഡിഎഫിന്റെ രണ്ടാമത്തെ വലിയ പാർട്ടിയായ നിൽക്കുകയാണ് ലീഗിന്റെ ശീലം. എന്നാൽ ഇത്തവണ അത്തരമൊരു കടുത്ത നിലപാട് ലീഗ് കൈകൊള്ളുന്നില്ല. പകരം സിപിഐഎംനോട് അതൃപ്ത്തിയില്ല എന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. പാണക്കാട് തങ്ങളും പിണറായി വിജയനും രാഷ്ട്രിയവേദിയിൽ ഒരുമിച്ച് എത്തിയാൽ മതന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന മാറ്റം കേരളത്തിലെ മുഴുവൻ ലോക്സഭാ-നിയമസഭാ മണ്ഡലങ്ങളെ സ്വാധീനിക്കും.കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് കോൺഗ്രസ് മനസിലാക്കുന്നു. ലീഗിനെ പുകഴ്ത്തി സിപിഎം നേതാവ് എകെ ബാലന്‍ രംഗത്ത് എത്തുക കൂടി ചെയ്തതോടെ പാലസ്തീൻ ഐക്യദാർഢ്യസമ്മേളനം മലപ്പുറത്തിന്റെ രാഷ്ട്രിയ മാറ്റങ്ങൾക്ക് കൂടി വേദിയാകുമെന്ന അഭ്യൂഹങ്ങൾ ശകത്മായി. ഈ പശ്ചാത്തലത്തിലാണ് പതിവ് രൂക്ഷവിമർശനം കെ.സുധാകരൻ ലീഗിനെതിരെ നടത്തിയത്. ലീഗിന്റെ മുന്നണി മാറ്റം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ കെ സുധാകരന്‍ നിയന്ത്രണം വിട്ടു. ”ലീഗിന് അത്തരം ഒരു താത്പര്യം ഉണ്ടോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ അപ്പോള്‍ ആലോചിക്കാം. വരുന്ന ജന്‍മത്തില്‍ പട്ടിയാകും എന്നുവച്ച് ഇപ്പോള്‍ തന്നെ കുരയ്ക്കാന്‍ പറ്റുമോ.” എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. ഇതിൽ പട്ടിയെന്ന് വിളിച്ചത് ലീഗിനെയാണന്ന പ്രചാരണം ഉണ്ടായി. ഇക്കാര്യത്തെ കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വെറുതെയിരുന്നില്ല.”മൃഗങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നില്ല. ഏത് മനുഷ്യനായാലും വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണം. പ്രത്യേകിച്ച് ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍. കുറേ തവണ പറഞ്ഞിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് സുധാകരന്റെ പരാമര്‍ശം എന്നത് കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം പരിശോധിക്കേണ്ടതുണ്ട് ” പിഎംഎ സലാം വ്യക്തമാക്കി. പിന്നീട് വിവാദം തണുപ്പിക്കാൻ കെ.സുധാകരൻ ലീഗ് നേതൃത്വത്തെ ബന്ധപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പറഞ്ഞത് ലീഗിനെ കുറിച്ചല്ലെന്നായിരുന്നു സുധാകരന്റെ മയപ്പെടുത്തല്‍. ലീഗ് നേതാക്കളെ ഫോണില്‍ വിളിച്ച് പരാമര്‍ശം വിശദീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. പി കെ കുഞ്ഞാലിക്കുട്ടിയുമായും കെ സുധാകരന്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചത്ത കുതിരയെന്ന് വിളിച്ചത് നെഹറു. ഇപ്പോൾ പട്ടിയെന്ന് വിളിച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ
രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയിട്ടും മുന്നണി പരാജയപ്പെട്ട് പോയതിനാൽ പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിന്റ അമർഷം ലീഗിനുള്ളിൽ ഉണ്ട്. ലീഗിനെ പോലുള്ള ചെറുപാർട്ടികൾക്ക് അധികാരം ഇല്ലാതെ അധിക കാലം നിൽക്കാനാവില്ല എന്നത് ഇടത്പക്ഷത്തിനുമറിയാം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാംമൂഴം പിണറായി സർക്കാർ ആഗ്രഹിക്കുന്നു. ലീഗ് ഇടത്പക്ഷത്ത് എത്തിയാൽ നിയമസഭയിലെ ഭൂരിപക്ഷം സുനിശ്ചിതം. ലീഗിനെ എന്നും ഒപ്പം നിറുത്തിയിരുന്ന കെ.കരുണാകരന്റെ കാലത്തിന് ശേഷം എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും ലീഗിനെ കൈവെള്ളയിലെന്ന പോലെ കൊണ്ട് നടന്നു. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കാൻ വരെ ലീഗ് ഇടപെടുകയും ചെയ്തു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ലീഗുമായുള്ള ബന്ധം നല്ല രീതിയിൽ തുടർന്നു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൽ. അതിലാണ് സിപിഐഎംന്റെ പ്രതീക്ഷ.