നടുറോഡിൽ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊലക്കേസ് പ്രതി പൊലീസ് വെടിയേറ്റ് മരിച്ചു. തിരുനെൽവേലി തിരുഭുവൻ സ്വദേശി പേച്ചുദരൈയാണ് മരിച്ചത്. തിരുനെൽവേലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് പ്രതി മരിച്ചത്. എൻകൗണ്ടർ അല്ലെന്നും വെടിവച്ചത് കാലിന് മാത്രമാണെന്നും പൊലീസ് വിശദീകരിച്ചു.
റോഡ് നിർമാണ തൊഴിലാളിയായ വിരുദുനഗർ സ്വദേശി കറപ്പസ്വാമിയെ കൊലപ്പെടുത്തിയ ശേഷം, സമീപത്തുണ്ടായിരുന്ന കാറിൻ്റെ ഗ്ളാസും പ്രതികൾ തകർത്തു. തുടർന്ന് സർക്കാർ ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ വെട്ടാനും ശ്രമിച്ചു. അത് തടയാൻ ശ്രമിച്ച പൊലിസ് കോൺസ്റ്റബിൾ സെന്തിൽ കുമാറിനെയും പ്രതികൾ വെട്ടിപരിക്കേൽപ്പിച്ചു. ഇതേതുടർന്നാണ് പേച്ചുദുരയെ കാലിൽ വെടിവെച്ച് പിടികൂടിയത്.