ഏറെ വിവാദമുയർത്തിയ പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനശാസ്ത്ര – ജയിൽ റിപ്പോർട്ട് ഹാജരാക്കാൻ കോടി നിർദേശിച്ചു. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം. പ്രതിയുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലമോ കുറ്റകൃത്യ ചരിത്രമില്ലെന്നതോ ശിക്ഷ ശരിവച്ച ഹൈക്കോടതി പരിഗണിച്ചില്ല. (Murder of law student in Perumbavoor; Amirul Islam’s execution stayed)
മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും വേണം. ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്.
ഡിഎൻഎ സാംപിളുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച ശേഷമായിരുന്നു വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത് അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് അഭിഭാഷകനായ ശ്രീറാം പറക്കാട്ട് വഴി സമർപ്പിച്ച ഹർജിയിൽ പറയുന്നു. അനുമാനങ്ങൾക്ക് നിയമത്തിൽ നിലനിൽപ്പില്ല.