ജിദ്ദ: ഐപിഎൽ താരലേലത്തിലൂടെ മലപ്പുറത്തുകാരൻ വിഘ്നേഷ് പുത്തൂറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് 30 ലക്ഷത്തിന്. ഐപിഎൽ താരലേലത്തിലൂടെ ഈ സീസണിൽ മൂന്നു കേരള താരങ്ങളാണ് ടീമുകളിൽ എത്തിയത്. വിഷ്ണു വിനോദ്, സച്ചിൻ ബേബി എന്നിവരാണ് മറ്റു രണ്ടു പേർ. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്‌സാണ് സ്വന്തമാക്കിയത്. സച്ചിൻ ബേബിയെ 30 ലക്ഷത്തിന് സൺറൈസേഴ്‌സ് ഹൈദരാബാദും ടീമിലെടുത്തു.
വിഷ്ണുവും സച്ചിനും ഇതിനു മുമ്പ് ഐപിൽ ടീമുകളുടെ ഭാഗമായിട്ടുള്ളവരാണ്. ചൈനമാൻ ബൗളറായ വിഗ്‌നേഷ് ഇതുവരെ കേരളത്തിന്റെ സീനിയർ ടീമിൽ പോലും കളിച്ചിട്ടില്ല. ഐപിഎൽ ലേലത്തിന് മുൻപ് തന്നെ വിഗ്‌നേഷിനെ മുംബൈ ഇന്ത്യൻസ് ടീം ട്രയൽസിന് ക്ഷണിച്ചിരുന്നു.
ട്രയൽസിലെ പ്രകടനം വിലയിരുത്തി മുംബൈ ഇന്ത്യൻസ് താരത്തെ ഒപ്പം കൂട്ടുകയായിരുന്നു. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു വിഗ്‌നേഷ്. പത്തൊൻപതുകാരനായ വിഗ്‌നേഷ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്. പന്ത്രണ്ട് കേരള താരങ്ങളാണ് ഐപിഎൽ ലേലപട്ടികയിൽ ഉണ്ടായിരുന്നത്.
കൈക്കുഴകൊണ്ട് പന്ത് തിരിക്കുന്ന ഇടംകയ്യൻ ലെഗ് സ്പിന്നർമാരെയാണ് ചൈനമാൻ എന്ന് വിളിക്കുന്നത്. അത്തരത്തിലൊരു ബൗളറാണ് വിഘ്നേഷ്. വലംകൈ ലെഗ് സ്പിന്നർമാർ ബാറ്റ്‌സ്മാനിൽ നിന്നും പുറത്തേക്ക് പന്ത് തിരിക്കുമ്പോൾ ചൈനമാൻ ബൗളർമാർ അകത്തേക്കാണ് പന്ത് തിരിക്കുക എന്നതാണ് ഇത്തരത്തിലുള്ള ബൗളർമാരുടെ പ്രത്യേകത.
വലംകൈ ബാറ്റ്‌സ്മാന്മാർക്ക് ഇത്തരത്തിൽ കുത്തി തിരിഞ്ഞ് അകത്തേക്ക് വരുന്ന പന്തുകൾ കൂടുതൽ വെല്ലുവിളിയാകാറുണ്ട്. കൈക്കുഴകൊണ്ടാണ് പന്ത് തിരിക്കുന്നത് എന്നതുകൊണ്ട് തന്നെ പന്തിന്റെ വേഗം വായുവിലുള്ള ചലനവും ഇത്തരം ബൗളർമാരുടെ പന്തുകളിൽ കൂടുതലായിരിക്കും. ലെഫ്റ്റ് ആം അൺഓർത്തഡോക്‌സ് സ്പിൻ എന്നും ചൈനമാൻ ബൗളർമാരെ വിശേഷിപ്പിക്കാറുണ്ട്.