കട്ടപ്പന: കനത്ത മഴയിൽ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി. ഈ സാഹചര്യത്തിൽ ഞായറാഴ്ച രാവിലെ 10 മണിക്ക് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു.
ഷട്ടറുകൾ തുറന്ന് പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചത്. ഡാം തുറന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാണ് വെള്ളം ഒഴുകിയെത്തുക.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Summary: Due to heavy rains and increased inflow, the water level at Mullaperiyar Dam has reached 136 feet. Tamil Nadu has announced that the dam shutters will be opened on Sunday at 10 AM.