കോഴിക്കോട്: മോർഫ് ചെയ്ത വിഡിയോ ആരോപണത്തിൽ വടകര എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ശൈലജ തിരുത്തിയതിൽ സന്തോഷമുണ്ടെന്നും അതേസമയം വിഡിയോയുടെ പേരിൽ തന്റെ ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ശൈലജയുടെ മോര്‍ഫ് ചെയ്ത വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
അതേസമയം വിഡിയോ അല്ല, തന്റെ മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നത് എന്നാണ് പറഞ്ഞതെന്ന് കഴിഞ്ഞ ദിവസം ശൈലജ തിരുത്തി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശൈലജക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കിയത്. ഒരാഴ്ചയോളം കത്തി നിന്ന വിഷയത്തില്‍ പക്ഷേ തനിക്കെതിരെയുണ്ടായ അധിക്ഷേപത്തില്‍ ആരെങ്കിലും മാപ്പ് പറയുമോ എന്നും ഷാഫി ചോദിക്കുന്നു. ശൈലജയെ അപകീര്‍ത്തിപ്പെടും വിധം വിഡിയോ ഇറങ്ങിയിട്ടില്ല എന്നതിൽ സന്തോഷമുണ്ടെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.