ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആശങ്കകൾക്കൊടുവിലാണ് തിരുവനന്തപുരം ചാക്കയിൽ നിന്ന് കാണാതായ രണ്ടു വയസുകാരിയെ കൊച്ചുവേളി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നും കണ്ടെത്തിയത്. മണ്ണന്തല എസ്എച്ച്ഒ ബിജു കുറുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കുട്ടിയെ കൊച്ചിവേളി റെയില്‍വെ സ്റ്റേഷന് സമീപത്തെ ഓടയിൽ ഉപേക്ഷിച്ചാണ് പ്രതി കടന്നത്. വട്ടകായൽ എന്ന് നാട്ടുകാർ വിളിക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. തലസ്ഥാനത്ത് മുഴുവനായി പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണങ്ങള്‍ക്കൊടുവിലാണ് കുട്ടിയെ കണ്ടെത്താനായത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ രാത്രിയായപ്പോള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരാളാണോ രണ്ടുപേര്‍ ചേര്‍ന്നാണോ കുട്ടിയെ തട്ടികൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് നല്‍കുന്ന വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ആരാണെന്ന് വൈകാതെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കുട്ടിക്ക് ഡീഹൈഡ്രേഷൻ മാത്രമാണുള്ളതെന്നും മറ്റു പരിക്കുകളൊന്നുമില്ലെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി.