തിരുവനന്തപുരം: പെൺകുട്ടിയായി അഭിനയിച്ച് നാൽപ്പത്തെട്ടുകാരനിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
സംഭവവുമായി ബന്ധപ്പെട്ട് ആകെ മൂന്നു പേരാണ് പിടിയിലായത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
വെള്ളനാട് സ്വദേശി അരുണാണ് (21) അറസ്റ്റിലായ മറ്റൊരാൾ. ഇയാളും പ്രായപൂർത്തിയാകാത്ത മറ്റു രണ്ടുപേരും ചേർന്നാണ് പൂവച്ചൽ ആലമുക്ക് സ്ദേശി ഷാജഹാനെ(48) കബളിപ്പിച്ച് പണം തട്ടിയത്.
അച്ചൂസ് ഗോൾസ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്.
പലതവണകളായി ഗൂഗിൾ പേ വഴി ഷാജഹാൻ അരുണിന് പണം അയച്ചു നൽകിയിരുന്നു.
പ്രതികൾ വീണ്ടും പണം ചോദിച്ചതോടെ ഇത് നൽകാനാവില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇതോടെ അരുൺ ഷാജഹാൻറെ ഭാര്യയെ ഫോൺ വിളിച്ചു.
തൻറെ സഹോദരിയെ ഷാജഹാൻ പീഡിപ്പിച്ചുവെന്നായിരുന്നു അരുൺ ഷാജഹാന്റെ ഭാര്യയോട് അറിയിച്ചത്. നഷ്ടപരിഹാരമായി 60,000 രൂപ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
ഇതോടെ ഷാജഹാൻറെ ഭാര്യ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതികളെ പണം തരാമെന്ന് വിശ്വസിപ്പിച്ച് ആലമുക്കിലേക്ക് വിളിച്ചുവരുത്തിയ ശേഷം പിടികൂടുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയിലാണ് അരുൺ പണം വാങ്ങാൻ എത്തിയത്. ഷാജഹാനിൽ നിന്ന് പണം വാങ്ങാനെത്തിയ പ്രതിയെ ബന്ധുക്കൾ പിടികൂടി കാട്ടാക്കട പൊലീസിന് കൈമാറി.
പിടിയിലായ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കും
English Summary :
More details have emerged in the case where an individual posed as a young girl and extorted money from a 48-year-old man