കൊച്ചി: കേരളത്തിൽ ഇക്കുറി മേയ് പകുതിയോടെ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്തിൻറെ മിക്കഭാഗങ്ങളിലും മൺസൂണിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കും. മൺസൂൺ മഴയുടെ ദീർഘകാല ശരാശരി ഇത്തവണ 106 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്.
കേരളത്തിനാശ്വാസമായാണ് ഇത്തവണ മഴ നേരത്തെയെത്തുന്നത്. വടക്കുകിഴക്കൻ, വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക. ലാ നിന പ്രതിഭാസം കാരണം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ ശക്തമാകും.
2018.6 mm മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്. എന്നാൽ കഴിഞ്ഞ വർഷം 1327 mm മാത്രമായിരുന്നു ലഭിച്ചത്. മുൻ വർഷങ്ങളിൽ വെച്ച് 34 ശതമാനത്തോളം മഴ കുറവായിരുന്നു. നിലവിലെ എൽനിനോ കാലവർഷം ആരംഭത്തോടെ ദുർബലമായി ന്യൂട്രൽ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ‘ലാനിന’യിലേക്കും മാറാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.