കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ ആരോപണങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച നടക്കാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവെച്ചത്. യോഗത്തിൽ നേരിട്ടു പങ്കെടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാർഥം യോഗം മാറ്റിയിരിക്കുന്നത് എന്നു സംഘടനയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.(Mohanlal will not come; The ‘Amma’ executive meeting scheduled for tomorrow has been postponed)
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനുശേഷം, ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തുകയും അമ്മയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതിസ്ഥാനത്തുള്ളവരെ അമ്മ സംരക്ഷിക്കില്ലെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. എന്നാൽ ഇതിനുപിന്നാലെ ആരോപണങ്ങളിൽ കുരുങ്ങി സിദ്ദിഖ് രാജി വെച്ചു. ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് ഇപ്പോള്‍ ജനറൽ സെക്രട്ടറിയുടെ ചുമതല.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കിടയിലും അമ്മയിലെ അംഗങ്ങൾക്കിടയിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസ് ആഭിമുഖ്യമുള്ള വൈസ് പ്രസിഡന്റ് ജഗദീഷും സിപിഐ ആഭിമുഖ്യമുള്ള മറ്റൊരു വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് പറഞ്ഞത്.