സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട കോമ്പിനേഷനാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കോമ്പിനേഷനുകൾ. ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ഒട്ടനവധി ജനപ്രിയ സൃഷ്ട്ടികൾ പല കാലങ്ങളിലായി പിറവികൊണ്ടിട്ടുണ്ട്. ഇപ്പോഴിതാ ആ നിരയിലെ ഏറ്റവും പുതിയ ചിത്രത്തിന് ഇന്ന് തുടക്കമായി. ഹൃദയപൂർവ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒട്ടേറെ രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒന്നാണ്. മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഇത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര് സന്ദീപ് ബാലകൃഷ്ണൻ എന്നാണ്. ഈ പേരിൽ ഇതിനുമുൻപ് ഒരു കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചിട്ടില്ല എന്ന പ്രേത്യേകതയും ഇതിനുണ്ട്. അഖിൽ സത്യൻറേതാണ് കഥ. ഒരു പുതിയ തിരക്കഥാകൃത്തിനെക്കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ.
ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷോർട്ട് ഫിലിമുകളിലൂടെ കടന്നുവന്ന ടി പി സോനുവിൻ്റെ നൈറ്റ് കോൾ എന്ന ടെലിഫിലിമാണ് സത്യൻ അന്തിക്കാടിനെ ആകർഷിച്ചത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമത്തെ ചിത്രവുമാണ് ഹൃദയപൂർവ്വം. വളരെ പ്ലെസൻറ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സത്യൻ അന്തിക്കാട് വ്യക്തമാക്കുന്നു.
മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്ളാവിൽ തികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. തുടർന്ന് സിദ്ദിഖ്, ബി ഉണ്ണികൃഷ്ണൻ, ടി പ. സോനു, അനു മൂത്തേടത്ത്, ആൻ്റണി പെരുമ്പാവൂർ, ശാന്തി ആൻ്റണി എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. സിദ്ദിഖും സബിതാ ആനന്ദുമാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.
മാളവിക മോഹനൻ നായികയാവുന്ന ഈ ചിത്രത്തിൽ സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകരനാണ് ഈണം പകർന്നിരിക്കുന്നത്.
അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് കെ രാജഗോപാൽ, കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹസംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്. കൊച്ചി, വണ്ടിപ്പെരിയാർ, പൂനെ എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആർഒ വാഴൂർ ജോസ്, ഫോട്ടോ അമൽ സി സദർ.