കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ശ്രീലങ്കയിൽ വൻ സ്വീകരണം. ഇന്ത്യൻ പതാകകളുമേന്തിയാണ് ശ്രീലങ്കയിലെ ജനങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കാത്തുനിന്നത്.
കൊളംബോ വിമാനത്താവളത്തിന് പുറത്ത് മോദി, മോദി വിളികളുമായി നൂറുകണക്കിന് ജനങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ കാത്തുനിന്നു.
വിമാനത്താവളത്തിലും ഹോട്ടലിലും തന്നെ കാത്തു നിന്ന ജനങ്ങൾക്ക് ഹസ്തദാനം നൽകിയും കൈവീശി അഭിവാദ്യം ചെയ്തും കൈകൂപ്പി വണങ്ങിയുമാണ് മോദി അവരോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത്.
ഇതിനിടെ തന്നെ കാത്തു നിന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന പെൺകുഞ്ഞിനെ കൈകളിലെടുത്ത് താലോലിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി തന്നെ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സമ്പന്നമായ സാംസ്കാരിക ബന്ധത്തിൻ്റെ പ്രതീകമായ പരമ്പരാഗത പാവ ഷോയും അദ്ദേഹം ആസ്വദിച്ചു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീലങ്കയിൽ എത്തിയത്.
അധികാരമേറ്റ ശേഷം ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ ആതിഥ്യമരുളുന്ന ആദ്യത്തെ വിദേശ നേതാവായി നരേന്ദ്രമോദി.
2019 ന് ശേഷമുള്ള മോദിയുടെ ആദ്യ ശ്രീലങ്കൻ സന്ദർശനമാണിത്. പ്രതിരോധം, ഊർജം, ഡിജിറ്റലൈസേഷൻ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് മോദിയുടെ ശ്രീലങ്ക സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നത്.