കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം
കൊച്ചി: സംസ്ഥാനത്തിന്റെ പേര് ‘കേരള’ത്തില്‍ നിന്ന് ‘കേരളം’ എന്നാക്കി മാറ്റിയത് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വര്‍ഷങ്ങളായി ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനമെടുത്തതെന്നും ഭാരതത്തിലെ സുന്ദരമായ സംസ്ഥാനത്തിന് അനുയോജ്യമായ പേരാണ് ഇപ്പോള്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നടന്ന അഖിലകേരള ധീവരസഭയുടെ സുവര്‍ണജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം’ എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
സമുദ്രത്തെയും നദികളെയും വെറും വിഭവങ്ങളായി മാത്രം കാണുന്നവരില്‍നിന്ന് വ്യത്യസ്തമായി ധീവരസമൂഹം കടലിനെ അമ്മയായി കാണുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ സമുദ്രത്തെ സംരക്ഷിക്കുന്നവരാണെന്നും പ്രളയകാലത്ത് നടത്തിയ സേവനങ്ങള്‍ ലോകം കണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി മോദി പറഞ്ഞു. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയുടെ ഭാഗമായി കേരളത്തിന് മാത്രം 1400 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്തെ മത്സ്യമേഖലയുടെ വളര്‍ച്ചയ്ക്ക് ഇത് സഹായകമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി സാമൂഹിക പരിഷ്‌കാരങ്ങളുടെ മണ്ണാണെന്നും, സാമൂഹ്യപരിഷ്‌കര്‍ത്താവ് പണ്ഡിറ്റ് കറുപ്പനെയും ആത്മീയ നേതാവ് മാതാ അമൃതാനന്ദമയിയെയും അദ്ദേഹം സ്മരിച്ചു. മാതാ അമൃതാനന്ദമയിയുടെ ജീവിതം നിസ്വാര്‍ഥ സേവനത്തിന്റെ മികച്ച ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
10,800 കോടി രൂപയുടെ വികസന പദ്ധതികള്‍
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. കേരളത്തിന്റെ വികസനത്തിന് വേഗം നല്‍കുന്ന അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
5,500 കോടി രൂപ ചെലവില്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിന്‍ പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. വര്‍ഷത്തില്‍ നാല് ലക്ഷം ടണ്‍ ഉല്‍പാദന ശേഷിയുള്ള പദ്ധതിയാണിത്.
കൂടാതെ കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാര്‍ പദ്ധതിക്കും തറക്കല്ലിട്ടു. ദേശീയപാത 66ലെ തലപ്പാടി–ചെങ്കള ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിലെ വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം കര്‍ഷകര്‍ക്കും വ്യവസായ മേഖലയ്ക്കും ടൂറിസത്തിനും ഗുണകരമാകുമെന്നും ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാദത്തിനിടെ ചടങ്ങ്
ദേശീയപാത ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുക്കുന്നില്ല.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ഉദ്ഘാടനത്തില്‍ നിന്നു പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയ നടപടി കേരളത്തോട് കാണിച്ച അപമാനമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വ്യാപകമായ ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പ്പെടുത്തിയിരുന്നു.
English Summary
Prime Minister Narendra Modi said that the NDA government approved changing the state’s name from “Kerala” to “Keralam,” fulfilling a long-standing demand. He made the remarks while addressing the golden jubilee event of the Akhila Kerala Dheevara Sabha in Kochi. Modi praised the fishing community for their role during floods and highlighted central schemes such as the Pradhan Mantri Matsya Sampada Yojana, under which ₹1400 crore has been allocated to Kerala.








