കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ അനുമതികൾ പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. അതുവരെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.(MM Lawrence’s body should be kept in the mortuary; high court)
മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി.അരുൺ ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഇളയ മകൾ ആശ ലോറൻസാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തിൽ നിർദേശം നൽകിയത്.
സഹോദരി കേസിന് പോയതിൽ സംശയങ്ങളുണ്ടെന്നാരോപിച്ച് ലോറൻസിൻ്റെ മകൻ നേരത്തെ രംഗത്തെത്തിയിരുന്നു. ‘പിതാവ് നേരത്തെ പറഞ്ഞ കാര്യം പാർട്ടിയെ അറിയിച്ചതാണെന്നും മകൻ പറഞ്ഞു. പാർട്ടി ഇതനുസരിച്ചാണ് തീരുമാനമെടുത്തത്. സഹോദരിക്ക് വേണ്ടി ഹാജരായത് സംഘപരിവാർ ബന്ധമുള്ള അഭിഭാഷകനാണെ’ന്നും മകൻ സജീവൻ ആരോപിച്ചു.