എംഎൽഎ ആന്റണി രാജുവിന് മൂന്ന് വർഷം തടവ്
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ ഗതാഗത മന്ത്രിയുമായ ആന്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു.
കേസിൽ ആന്റണി രാജുവിനെതിരെ ഐപിസി 120ബി (ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കൽ), 193 (കള്ളസാക്ഷ്യം), 409 (സർക്കാർ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന), 34 (പൊതുവായ ഉദ്ദേശം) എന്നീ വകുപ്പുകൾ തെളിഞ്ഞതായി കോടതി കണ്ടെത്തി.
കോടതി ജീവനക്കാരനായ ജോസും ഈ കുറ്റകൃത്യത്തിൽ നിർണായക പങ്കുവഹിച്ചതായി വിധിയിൽ ചൂണ്ടിക്കാട്ടി.
നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർണായകമായ വിധി പുറപ്പെടുവിച്ചത്.
കേസിലെ ഒന്നാം പ്രതിയായിരുന്ന കോടതി ജീവനക്കാരൻ കെ.എസ്. ജോസിനും മൂന്ന് വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.
1990 ഏപ്രിൽ 4ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്നുമായി പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു.
ഈ മോചനത്തിന് നിർണായകമായത് കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിന്റെ അളവിൽ ഉണ്ടായിരുന്ന വ്യത്യാസമായിരുന്നു.
അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതിയിലെ ജീവനക്കാരനായ കെ.എസ്. ജോസുമായി ചേർന്ന് ഗൂഢാലോചന നടത്തി കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് അതിൽ കൃത്രിമത്വം വരുത്തിയെന്നാണ് പ്രോസിക്യൂഷന്റെ കേസ്.
അടിവസ്ത്രം വെട്ടി ചെറുതാക്കിയതോടെ, അത് പ്രതിക്കു യോജിക്കാത്തതാണെന്ന വാദം ഉയർത്താനായെന്നും ഇതാണ് ഹൈക്കോടതിയിൽ പ്രതിക്ക് അനുകൂലമായ വിധിയിലേക്ക് നയിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കോടതി വിധിയോടെ ആന്റണി രാജുവിന്റെ എംഎൽഎ സ്ഥാനം നിലനിൽക്കുമോ എന്നതടക്കമുള്ള രാഷ്ട്രീയ ഭാവി വലിയ പ്രതിസന്ധിയിലായി.
മൂന്നു വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ ജനപ്രതിനിധി എന്ന നിലയിൽ തുടരാൻ കഴിയുമോ എന്ന കാര്യത്തിൽ നിയമപരമായ വ്യക്തത വരാനുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം പ്രതിഭാഗം പരിഗണിക്കുന്നതായാണ് സൂചന.









