പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള റോപ്വേ സംവിധാനത്തിന് ഉടൻ അനുമതി ലഭിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. ഇത് സംബന്ധിച്ച നിയമ നടപടികളെല്ലാം പൂർത്തിയായി. അന്തിമാനുമതി ഉടൻ ഉണ്ടാകും. പമ്പ ഹിൽടോപ്പിൽനിന്ന് സന്നിധാനത്തേക്ക് 2.7 കി.മീറ്റർ വരുന്നതാണ് റോപ്വേ.Minister VN Vasavan said that the ropeway system from Pampa to Sannidhanam will be approved soon
പരാതിരഹിതമായ തീർഥാടന കാലമാണ് സർക്കാരും ദേവസ്വം ബോർഡും ലക്ഷ്യമിടുന്നത്. മുൻകൂട്ടി തന്നെ അവലോകനയോഗങ്ങൾ തുടങ്ങി മുന്നൊരുക്കങ്ങൾ നടത്തും. ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വകുപ്പ് മേധാവികളുടെയും യോഗം ചേരും. തുടർന്ന് ജനപ്രതിനിധികളുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗവും നടക്കും.
വാഹന പാർക്കിങ്ങിന് നിലയ്ക്കലിൽ കൂടുതൽ സൗകര്യം ഒരുക്കും. നിലവിൽ എണ്ണായിരം വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാം. രണ്ടായിരം വാഹനങ്ങൾ കൂടി പാർക്ക് ചെയ്യുന്നതിന് സംവിധാനമൊരുക്കും. വെർച്ച്വൽ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.