പാലക്കാട്: പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പൊലീസ് അർധരാത്രി നടത്തിയ പരിശോധന പ്രതിഷേധത്തിലേക്ക്. മുറിയിലെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയതായി കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് രാവിലെ 11ന് എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു.(Midnight Raid on Congress Women Leaders rooms)
സ്ത്രീയെന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണുണ്ടായത് എന്ന് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. “12 മണി കഴിഞ്ഞപ്പോഴാണ് ആരോ വാതിലിൽ മുട്ടിയത്. അതു കഴിഞ്ഞ് വാതിലിൽ തള്ളി. മുറിയുടെ ബെല്ലടിച്ചശേഷം മുറി തുറക്കണം എന്നാവശ്യപ്പെട്ടു. 4 പുരുഷ പൊലീസുകാർ യൂണിഫോമിൽ ഉണ്ടായിരുന്നു.
വസ്ത്രം മാറിയശേഷം ഞാൻ പുറത്തുവന്നു. യൂണിഫോം ഇല്ലാത്തവരും ഉണ്ടായിരുന്നതിനാൽ തിരിച്ചറിയൽ കാർഡ് ചോദിച്ചു. അവർ കാർഡ് കാണിച്ചില്ല. വനിതാ പൊലീസ് ശരീരപരിശോധന നടത്തി. വസ്ത്രങ്ങൾ അടക്കം മുഴുവൻ സാധനങ്ങളും എടുത്ത് വെളിയിലിട്ട് പരിശോധിച്ചു. ശുചിമുറിയിലും കിടക്കയ്ക്കുള്ളിലും പരിശോധിച്ചു. 15 ദിവസമായി താമസിക്കുന്ന മുറിയാണ്. പരിശോധിച്ചതിന്റെ വിവരങ്ങൾ എഴുതി തരണമെന്ന് പറഞ്ഞെങ്കിലും തന്നില്ല’’– എന്നും ഷാനിമോൾ പറഞ്ഞു.