റാന്നി: റാന്നിയിൽ പമ്പാ നദിയിലേക്ക് ചാടി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു. മൈലപ്ര സ്വദേശി ജെയ്‌സൻ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.(Middle-aged man committed suicide in Ranni)
റാന്നി പാലത്തിൽ നിന്ന് ചാടിയ ജെയ്സൻ ആദ്യം വീണത് ആഴം കുറവുള്ള സ്ഥലത്താണ്. എന്നാൽ ഇവിടുന്ന് എഴുന്നേറ്റ് നടന്ന ജെയ്സൻ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്ന് പോയി അവിടെ നിന്ന് ചാടുകയായിരുന്നു. നദിയിൽ കുളിച്ചുകൊണ്ടിരുന്നവരാണ് ജെയ്സൻ പാലത്തിൽ നിന്ന് താഴെ ചാടുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.
എന്നാൽ പോലീസ് എത്തുമ്പോഴേക്കും ജെയ്സൻ കയത്തിൽ മുങ്ങിയിരുന്നു. വൈകാതെ അഗ്നിശമന സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും എത്തി നടത്തിയ തിരച്ചിലിലാണ് ജെയ്സന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോതിരവയലിൽ ആണ് ജെയ്സൺ താമസിച്ചിരുന്നത്. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും.