തിരുവനന്തപുരം: കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.Meteorological department says rains will continue in Kerala
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശത്തും ജാഗ്രത വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് ഒരിടത്തും നിലവിൽ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ല. എങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് നിർദേശം. ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. കേരളാ തീരത്ത് നാളെ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കള്ളകടൽ മുന്നറിയിപ്പുമുണ്ട്.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് 04.08.2024 ന് രാത്രി 11.30 വരെ 2.0 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തമിഴ്‌നാട് തീരത്ത് 04.08.2024 ന് രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.









