സംസ്ഥാനം ആവശ്യപ്പെട്ട തുക നല്‍കാനാവില്ല
തിരുവനന്തപുരം: എംഎസ്‌സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവത്തിൽ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി. സർക്കാർ ചോദിച്ച 9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്നാണ് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയായ എം എസ് സി ഹൈക്കോടതിയെ അറിയിച്ചത്.
കെട്ടിവയ്ക്കാനാകുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്‌നമെന്നാണ് കമ്പനി ഉന്നയിക്കുന്ന വാദം.
ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കുന്നത് ഓഗസ്റ്റ് ഏഴിന് പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.
കപ്പല്‍ അറസ്റ്റ് ചെയ്യാനുളള ഉത്തരവ് ഒഴിവാക്കാന്‍ എന്തുചെയ്യാനാകുമെന്നും എത്ര തുക കെട്ടിവയ്ക്കാനാകുമെന്നും ഹൈക്കോടതി കമ്പനിയോട് ചോദിച്ചു. രണ്ടാഴ്ച്ചയ്ക്കുളളില്‍ മറുപടി സത്യവാങ്മൂലം നല്‍കാമെന്ന് കമ്പനി കോടതിയിൽ അറിയിച്ചിട്ടുണ്ട്.
അതേസമയം കൂടുതല്‍ കപ്പല്‍ കേരളാ തീരത്തെത്തുന്നത് കമ്പനി ഒഴിവാക്കേണ്ടി വരുമെന്നു പറഞ്ഞ ഹൈക്കോടതി, ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയല്ലല്ലോ എം എസ് സി എന്നും ചോദിച്ചു.
കൂടുതല്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന താല്‍പ്പര്യത്തിന് എതിരാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ അഡ്മിറാലിറ്റി സ്യൂട്ടില്‍ ഓഗസ്റ്റ് ആദ്യവാരം ഹൈക്കോടതി അന്തിമവാദം കേള്‍ക്കും. 85,000 കോടി രൂപയ്ക്ക് കപ്പല്‍ ഇന്‍ഷുറന്‍സ് ചെയ്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
അതേസമയം, എം എസ് സി കപ്പല്‍ കമ്പനിയുടെ അകിറ്റെറ്റ-2 ന്റെ അറസ്റ്റ് ഹൈക്കോടതി നീട്ടി. അറസ്റ്റ് ഒഴിവാക്കണമെന്ന കപ്പല്‍ കമ്പനിയുടെ ആവശ്യം കോടതി നിരസിച്ചു.
കമ്പനിയുടെ മറുപടി ലഭിച്ചശേഷം അറസ്റ്റ് ഒഴിവാക്കുന്നത് പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
9,531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍
കൊച്ചി: എംഎസ്സി എല്‍സ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ.
മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിക്കെതിരെ നല്‍കിയ അഡ്മിറാലിറ്റി സ്യൂട്ടില്‍ എംഎസ്സിയുടെ കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
എംഎസ്സിയുടെ അകിറ്റെറ്റ-2 അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അകിറ്റെറ്റ 2 വിഴിഞ്ഞം തുറമുഖം വിടുന്നതും ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
പരിസ്ഥിതി – സമുദ്രോത്പന്ന നഷ്ടം ഉന്നയിച്ച് സർക്കാർ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം എ അബ്ദുല്‍ ഹക്കിം അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
കപ്പല്‍ അപകടത്തിലൂടെ സംസ്ഥാനത്തിന് പരിസ്ഥിതി-ജൈവ ആവാസ വ്യവസ്ഥയില്‍ കനത്ത നാശനഷ്ടമുണ്ടായിയെന്നാണ് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാർ ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക – മത്സ്യബന്ധന മേഖലകളെയും ബാധിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാനായി ഹൈക്കോടതി അധികാരം ഉപയോഗിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ മെയ് 25നായിരുന്നു കപ്പൽ അപകടമുണ്ടായത്. തോട്ടപ്പള്ളിയില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ എംഎസ്സി എല്‍സ ത്രീ കപ്പൽ മുങ്ങിയത്.
Summary: In the MSC Elsa-3 ship sinking case, Mediterranean Shipping Company (MSC) has informed the High Court that it cannot pay the ₹9,531 crore compensation demanded by the Kerala government. The court has directed the shipping company to inform how much amount it is willing to deposit.