കൊച്ചി: മാതൃഭൂമി ന്യൂസിനെതിരായ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തലാകും. തിരിച്ചറിയല്‍ പരേഡ് നടത്തണമെങ്കില്‍ പ്രതിയുടെ മുഖം മറച്ച് കൊണ്ടുവരണം. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവര്‍ത്തകന്റെ ജോലിയാണെന്ന് ജസ്റ്റിസ് പി,വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ദൃശ്യം എടുത്തതില്‍ കേസ് എടുക്കുന്നത് ചോദ്യം ചെയ്ത കോടതി കേസില്‍ മാതൃഭൂമി ന്യൂസിന്റെ ക്യാമറ ആവശ്യപ്പെടുന്നത് എന്തിനാണെന്നും ചോദിച്ചു.
പ്രതി ചേര്‍ക്കാതെ മാധ്യമ പ്രവര്‍ത്തകരെ നിരന്തം നോട്ടീസ് നല്‍കി വിളിപ്പിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പല വിവരങ്ങളും കിട്ടും. അത് കണ്ടെത്താന്‍ ഫോണ്‍ പിടിച്ചെടുക്കുന്ന പരിപാടി ശരിയല്ല. മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുക്കുന്നത് ഫോര്‍ത്ത് എസ്റ്റേറ്റ് സങ്കല്‍പ്പത്തിന് എതിരാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. കേസില്‍ മാധ്യമ പ്രവര്‍ത്തകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് കോടതി ഉത്തരവിട്ടു.
കേസിനെതിരെ മാതൃഭൂമി നല്‍കിയ പരാതികള്‍ ഡി.ജി.പി പരിഗണിക്കണം. ഇതില്‍ മാതൃഭൂമി പ്രതിനിധിയെ കേട്ട് ഉടന്‍ തീരുമാനം എടുക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. അന്വേഷണവുമായി പൊലീസിന് മുന്നോട്ടു പോകാം. പൊലീസുമായി മാതൃഭൂമി ന്യൂസ് പ്രതിനിധികള്‍ സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു.