കുപ്രചരണങ്ങളിൽ വർഗീയ ലഹളകൾ ഉണ്ടാകാൻ വളരെ എളുപ്പമാണ്. അത്തരമൊരു കലാപാന്തരീക്ഷത്തിൽ നിന്ന് ഒരു നഗരത്തെ രക്ഷിച്ചത് കുറച്ച് സിസിടിവി ക്യാമറകളും നിഷ്‌കളങ്കനായ ഒരു പൂച്ചയുമാണ്. ഹൈദരാബാദിൽ നിന്നാണ് ഈ കഥ.
ഇന്നലെ രാവിലെ പത്തു മണിയോടെ ഹൈദരാബാദ് നഗരാതിർത്തിയിലുള്ള ഹനുമാൻ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ മാംസം കണ്ടെത്തിയെന്ന് ഒരു കിംവദന്തി പരന്നു. കേട്ട പാതി കേൾക്കാത്ത പാതി ‘ദൈവ സംരക്ഷകർ’ ക്ഷേത്ര പരിസരത്ത് തടിച്ചു കൂടുകയായിരുന്നു. തരാതരം പോലെ വിദ്വേഷ പ്രചരണങ്ങളും ഇതിനൊപ്പം തൽപരകക്ഷികൾ അടിച്ചു വിട്ടു തുടങ്ങി.
ക്ഷേത്രത്തിലേക്ക് ആരോ മാംസം വലിച്ചെറിഞ്ഞു എന്നതായിരുന്നു പിന്നീട് പ്രചരിച്ച വാർത്ത. സോഷ്യൽ മീഡിയാ വഴിയും പ്രചരണം തകർത്തു. നിരവധി കള്ളക്കഥകൾ ഇതോടൊപ്പം വ്യാപകമായി പ്രചരിക്കാനും തുടങ്ങി. ഇതോടെ പോലീസും അന്വേഷണം തുടങ്ങി.
വിശദമായ അന്വേഷണത്തിനൊടുവിൽ യഥാർത്ഥ പ്രതിയെ പൊലീസ്കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒരു പൂച്ചയാണ് ക്ഷേത്രത്തിൽ മാംസം കൊണ്ടിട്ടതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സിസിടിവി ദൈവം ഒരു നാടിനെതന്നെ രക്ഷിച്ചു എന്ന് പറയുന്നതാവും ശരി.
നഗരപ്രാന്ത പ്രദേശമായ തപ്പച്ചബുത്രയിലെ ജീര ഹനുമാൻ ക്ഷേത്രത്തിലെ ശിവലിംഗത്തിന് പിൻവശത്തായിട്ടാണ് കഴിഞ്ഞ ദിവസം മാംസക്കഷ്ണം കണ്ടെത്തിയത്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് ശിവലിംഗത്തിന് പിന്നിൽ മാംസക്കഷണങ്ങൾ വച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് അദ്ദേഹം ഈ വിവരം കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയായിരുന്നു. നിരവധി ദേവന്മാരെയും ഉപ ദേവൻമാരെയും പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഒരു ഹനുമാൻ ക്ഷേത്രമാണിത്.
കാൽകിലോ തൂക്കമുള്ള ആട്ടിറച്ചിയുടെ ഒരു കഷ്ണമായിരുന്നു ക്ഷേത്രത്തിൽ നിന്നും കണ്ടെത്തിയത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും രംഗത്തെത്തിയതോടെ ഗ്രാമത്തിൽ എന്തും സംഭവിക്കാവുന്ന സ്ഥിതിയുണ്ടായിരുന്നു. സാമുദായിക സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനേയും വിന്യസിച്ചിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തിയാണ് വിശദമായ അന്വേഷണം നടത്തിയത്.
ക്യാമറ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോഴാണ് പോലീസ് യഥാർത്ഥ പ്രതിയെ തൊണ്ടിയോടെ പൊക്കിയത്. മാംസക്കഷ്ണം കടിച്ചുപിടിച്ച് നടന്നുവരുന്ന ഒരു യമണ്ടൻ പൂച്ചയെയാണ് പൊലീസുദ്യോഗസ്ഥർ കണ്ടത്. പൂച്ച മാംസവുമായി ക്ഷേത്രത്തിനുള്ളിലേക്ക് കയറിപ്പോകുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതോടെ വർഗീയ സംഘർഷത്തിനും മുതലെടുപ്പിനും കച്ചകെട്ടി വന്ന ടീംസ് സ്ഥലം കാലിയാക്കി.