ദിസ്പൂർ: അസമിലെ കച്ചാർ ജില്ലയിൽ നടന്ന ലഹരി വേട്ടയിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി അസം പൊലീസ്. മൂന്ന് കോടി രൂപ വിലമതിക്കുന്ന 572 ഗ്രാം ഹെറോയിനാണ് പോലീസ് പിടികൂടിയത്.വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മിസോറം പൊലീസിലെ ഐജിപിയും സിപിആർഒയുമായ ലാൽബിയക്തംഗ ഖിയാങ്‌തെ നൽകിയ വിവരമനുസരിച്ച് കേസുമായി ബന്ധപ്പെട്ട് ബുവൽചുംഗ (40), ലാൽരോച്ചര (33), വൻലാൽരുതി (46) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
കോടികളുടെ ലഹരി വേട്ട നടത്തിയ പൊലീസ് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം അയൽ സംസ്‌ഥാനമായ മിസോറാമിലെ ചമ്പായി ജില്ലയിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ 2.90 കോടി രൂപ വിലമതിക്കുന്ന 22.35 കിലോഗ്രാം ഭാരമുള്ള 2,00,000 മെത്താംഫെറ്റാമൈൻ ഗുളികകൾ പൊലീസ് പിടിച്ചെടുത്തു.