ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾക്കെതിരെ കൂട്ട നടപടി. എറണാകുളം എൻഫോഴ്സ്മെൻറ് ആർടിഒയുടെ നേതൃത്വത്തിൽനടന്ന പരിശോധനയിൽ 36 ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾ പിടികൂടി.
സ്പീഡ് ഗവർണർ ഇല്ലാതിരിക്കുക, എയർഹോൺ, ഡാൻസ് ഫ്ലോർ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പിടികൂടിയത്. രൂപമാറ്റം വരുത്തിയ ബസ്സുകൾക്ക് 2. 46 ലക്ഷം രൂപ പിഴ ചുമത്തി.
അതേസമയം ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിൽ നിലപാട് കടുപ്പിക്കാൻ ഒരുങ്ങി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അപകടമുണ്ടാക്കുന്ന ബസുകൾക്ക് മാത്രം ഉയർന്ന പിഴ ഈടാക്കിയാൽ പോരെന്ന് ഹൈക്കോടതി പറഞ്ഞു.
അനധികൃത രൂപമാറ്റങ്ങളിൽ പരമാവധി ഉയർന്ന പിഴ തന്നെ ഈടാക്കണമെന്ന് എംവിഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിരത്തുകളിൽ പരിശോധന ശക്തമാക്കാനും കോടതി നിർദ്ദേശിച്ചു. നിയമലംഘനം നടത്തുന്ന എല്ലാ വാഹനങ്ങൾക്കും പരമാവധി ഉയർന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.