കടലിലെ ഉഷ്ണതരംഗം മൂലം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിലാണ് ദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകൾ ഭൂരിഭാഗവും ആവാസവ്യവസ്ഥയും ബ്ലീച്ചിംഗിന് വിധേയമായതായി കണ്ടെത്തിയത്. കടുത്ത ചൂടുമൂലം പവിഴപ്പുറ്റുകളിൽ സിംബയോട്ടിക് ആൽഗകൾ മരിക്കുന്നതാണ് ബ്ലീച്ചിംഗിന് കാരണമാകുന്നതെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.
വളരെക്കാലം കടലിലെ താപനില അസാധാരണമാം വിധം ഉയർന്ന നിലയിൽ തുടരുന്ന അപൂർവ കാലാവസ്ഥയാണ് ഹീറ്റ് വേവ്. ഇത്തരം താപ തരംഗങ്ങൾ സമുദ്ര ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ട്. ഡി എച്ച് ഡബ്ല്യു 12 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയാണെങ്കിൽ അത്യസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്കു കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ. കെ ആർ ശ്രീനാഥ് പറഞ്ഞു.
പവിഴപ്പുറ്റുകൾ പോലുള്ള സമുദ്ര ജൈവവൈവിധ്യം നഷ്ടപ്പെടുന്നത് ടൂറിസത്തെയും മത്സ്യബന്ധനത്തെയും ബാധിക്കും. ഇത് തീരദേശ ജനവിഭാഗങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാണ്. കടൽപ്പുല്ലുകൾ പോലുള്ള മറ്റ് സമുദ്ര വിഭവങ്ങൾക്കും ഉഷ്ണ തരംഗങ്ങൾ ഭീഷണിയാകുന്നുണ്ട്. ഈ സാഹചര്യം സമുദ്ര ഭക്ഷ്യ ശൃംഖലയെ സാരമായി ബാധിക്കും. ഇത് മത്സ്യങ്ങളുടെയും സസ്തനികളുടെയും നിലനിൽപ്പിനെ അപകടത്തിലാക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
Read More: സൂര്യാഘാതം കന്നുകാലികളെ എങ്ങിനെ ബാധിക്കും ? ക്ഷീരകർഷകർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ പണികിട്ടും…
Read More: മദ്യനയ അഴിമതി കേസിൽ കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി