ഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശിയതിനെ തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 വിമാനങ്ങൾ ആണ് വഴിതിരിച്ചു വിട്ടത്. നിരവധി വിമാനങ്ങൾ വൈകിയെന്നും അധികൃതർ അറിയിച്ചു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.
അതേസമയം ഡൽഹിയിൽ കനത്ത മഴ, ആലിപ്പഴ വീഴ്ച, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാത്രി 9 വരെ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുമെന്നും മേഖലയിലുടനീളം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 80 കിലോമീറ്റർ വരെ ഉയർന്നേക്കാം. ഈ കാലയളവിൽ ആളുകൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.