കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി ലോറി ഉടമ മനാഫ്. തനിക്കും കുടുംബത്തിനും നേരെയുള്ള വിദ്വേഷ പ്രചരണത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് മനാഫ് പരാതിയിൽ ആരോപിക്കുന്നു. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിൽ പറയുന്നുണ്ട്.(Manaf complained to the Chief Minister against cyber attack)
സൈബർ ആക്രമണം ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 2ന് ആണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയത്. എന്നാൽ പരാതിയിൽ ഇതുവരെ കേസെടുത്തില്ല. മതസ്പർധ വളർത്തുന്ന പ്രചരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മനാഫ് പറയുന്നു.
ഗംഗാവലി പുഴയില്‍ നിന്ന് ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തിയതിന് ശേഷം അർജുന്റെ കുടുംബം മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്ന് അര്‍ജുന്റെ കുടുംബത്തിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. പിന്നീട് ഇരു കൂട്ടരും പ്രശ്‌നം രമ്യതയില്‍ പരിഹരിക്കുകയും ചെയ്തു.