വിമാനത്തിൽ 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് തടവുശിക്ഷ
ലണ്ടൻ: മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഇന്ത്യക്കാരനായ പ്രതിക്ക് യുകെ കോടതി തടവുശിക്ഷ വിധിച്ചു.
ഷിപ്പിങ് കമ്പനി ഉടമയായ മുംബൈ സ്വദേശി ജാവേദ് ഇനാംദാർ (34) ആണ് 21 മാസം തടവ് ശിക്ഷിക്കപ്പെട്ടത്.
മുംബൈയിൽ നിന്ന് ഹീത്രോ വിമാനത്താവളത്തിലേക്കുള്ള രാത്രിവിമാനയാത്രയ്ക്കിടയിലാണ് സംഭവം ഉണ്ടായത്.
ജാവേദിന്റെ അരികിലിരുന്നു ഉറങ്ങിക്കൊണ്ടിരുന്ന കുട്ടിയെ പല തവണ സ്പർശിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് തെളിഞ്ഞു.‘എന്നെ ആരും തൊടരുത്’ എന്ന നിലവിളിയോടെ പെൺകുട്ടി ഉണർന്നതോടെ കാബിൻ ക്രൂ ഇടപെട്ടു.
വിമാന ജീവനക്കാർ പെൺകുട്ടിയെ സുരക്ഷിതമായി മറ്റൊരു സീറ്റിലേക്കു മാറ്റുകയും, വിവരം ക്യാപ്റ്റനെ അറിയിക്കുകയും ചെയ്തു.
സംഭവം പുറത്തറിഞ്ഞപ്പോൾ,ജാവേദ് ആദ്യം “അവൾ എന്റെ ഭാര്യയാണ് എന്ന് തെറ്റിധരിക്കപ്പെട്ടതാണ്” എന്ന് ഫ്ലൈറ്റ് സ്റ്റാഫിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഹീത്രോയിൽ വിമാനം ഇറങ്ങിയതോടെ പൊലീസെത്തി പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തു.
പിന്നീട്, “ഞാൻ ഗാഢനിദ്രയിലായിരുന്നു… ഒന്നും ഓർമ്മയില്ല”എന്നായിരുന്നു ജാവേദിന്റെ വിശദീകരണം.
കുട്ടിയുടെ സാക്ഷ്യവും ഫ്ലൈറ്റ് ക്രൂ നൽകിയ വിവരങ്ങളും പരിശോധിച്ച് 13 വയസ്സിന് താഴെയുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതാണെന്ന് കോടതി കണ്ടെത്തി.
വിചാരണ സമയത്ത് ജാമ്യത്തിൽ കഴിയുന്ന ജാവേദിന് യുകെയിലെ തൊഴിലുടമകളാണ് പാർപ്പിടം ഒരുക്കി നൽകിയത്.
ജാമ്യകാലയളവിൽ പ്രതിക്ക് ഭാര്യയെയും മക്കളെയും കാണാനായില്ല എന്ന കാര്യം കോടതി പരിഗണിച്ചു.അതിനാലാണ് കൂടുതൽ കർശനമായ ശിക്ഷ ഒഴിവാക്കിയത് എന്ന് ജഡ്ജി വ്യക്തമാക്കി.
ജയിൽ ശിക്ഷ പൂർത്തിയാക്കിയതിന് ശേഷം യുകെയിൽ താമസിക്കരുത് എന്ന് കോടതി ഉത്തരവിട്ടു. ശിക്ഷ പൂർത്തിയായ ഉടൻ രാജ്യം വിടുമെന്നാണ് പ്രതിഭാഗത്തിന്റെ ഉറപ്പ്.









