നാട്ടുകാർ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറിയ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു
കൊച്ചി: നാട്ടുകാർ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറിയ ദിണ്ടിഗൽ സ്വദേശി പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു.
ദിണ്ടിഗൽ എവള്ളൂർ മാവട്ടത്ത് ബാബുരാജ് (50) ആണ് മരിച്ചത്. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു.
സംശയാസ്പദ സാഹചര്യത്തിൽ പിടികൂടൽ
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിക്ക് സമീപം തോർത്ത് മാത്രം ഉടുത്ത് ഇരുട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ ബാബുരാജിനെ നാട്ടുകാർ കണ്ടത്.
ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ഓടാൻ ശ്രമിച്ചതോടെ നാട്ടുകാർ ബലപ്രയോഗത്തിലൂടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
കസ്റ്റഡിയിലിരിക്കെ അപസ്മാര ലക്ഷണങ്ങൾ
പൊലീസ് കസ്റ്റഡിയിലിരിക്കെ പുലർച്ചെ രണ്ടരയോടെ ബാബുരാജ് അപസ്മാര ലക്ഷണങ്ങൾ കാണിച്ചതായും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരണം സംഭവിച്ചതായും തൃക്കാക്കര പൊലീസ് അറിയിച്ചു.
വിവാഹം കഴിച്ച് കൊണ്ടുപോകാമെന്ന് ‘മസ്കിന്റെ വാഗ്ദാനം’; ഇന്ത്യൻ യുവതിക്ക് നഷ്ടമായത് 16 ലക്ഷം രൂപ
മർദനത്തിന്റെ ലക്ഷണങ്ങളില്ലെന്ന് പൊലീസ്
ബാബുരാജിനെ പൊലീസിന് കൈമാറുമ്പോൾ ആൾക്കൂട്ട മർദനത്തിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നും സ്റ്റേഷനിലേക്ക് എത്തിക്കുന്നതിന് മുൻപ് വൈദ്യപരിശോധന നടത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഇയാളുടെ പേരിൽ മുൻ കേസുകളൊന്നും നിലവിലില്ലെന്നും പൊലീസ് അറിയിച്ചു.
English Summary:
A 50-year-old man from Dindigul, who was detained by locals on suspicion and handed over to Thrikkakara police, died while in police custody in Kochi. Police said he showed seizure symptoms early morning and died before reaching the hospital. Authorities stated there were no signs of assault and a postmortem will determine the cause of death.









