ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീടിന് നേരെ ബോംബിടാൻ ആഹ്വാനം ചെയ്തതിന് പിടിയിലായ യുവാവിനെതിരെ ലഹരിക്കേസും.
കർണാടക സ്വദേശിയായ നവാസിനെ ഇന്നലെയാണ് നരേന്ദ്രമോദിയുടെ വീടിന് ബോംബിടാൻ ആഹ്വാനം ചെയ്തതിന്റെ പേരിൽ പൊലീസ് പിടികൂടിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നേരത്തേ ഇയാൾ ലഹരിക്കേസിൽ പ്രതിയായിട്ടുണ്ട് എന്നും കണ്ടെത്തിയത്. നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ഇയാൾ.
ഇൻസ്റ്റഗ്രാം വഴിയാണ് നവാസ് മോദിക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്തത്.
എന്തുകൊണ്ടാണ് പാകിസ്ഥാൻ മോദിയുടെ വീടിന് ബോംബിടാത്തത് എന്നാണ് നവാസ് വിഡിയോയിലൂടെ ചോദിച്ചിരുന്നു. ഈ വിഡിയോ ഷെയർ ചെയ്ത് ചുരുക്കം സമയംകൊണ്ടു തന്നെ ബെംഗളൂരു പൊലീസ് നവാസിനെ പിടികൂടുകയും ചെയ്തു.
ബന്ദേപാളയയിലുള്ള പി.ജിയിൽ നിന്നാണ് നവാസിനെ പൊലീസ് പിടികൂടിയത്. ഇലക്ട്രോണിക് സിറ്റി സ്വദേശിയായ നവാസ് ഇവിടെ കമ്പ്യൂട്ടർ മെക്കാനിക്കായി ജോലി ചെയ്യുന്നു.
ഇങ്ങനെയൊരു വിഡിയോ നവാസ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് വിശദമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
പഹൽഹാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെ പിന്തുണച്ചുകൊണ്ട് നേരത്തെ മറ്റൊരു യുവാവും രംഗത്തെത്തിയിരുന്നു. കർണാടക സ്വദേശിയായ നിച്ചു എന്ന യുവാവാണ് പിടിയിലായത്.
മംഗളൂരു എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉടമയാണ് പാക് ഭീകരാക്രമണത്തെ പിന്തുണച്ച് പോസ്റ്റിട്ടത്. തൊട്ടുപിന്നാലെ പൊലീസ് കേസായി, ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയുമുണ്ടായി.