കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വീട്ടിൽ സന്ദർശനം നടത്തി നടൻ മമ്മൂട്ടി. പത്ത് മിനിറ്റോളം എംടിയുടെ കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിച്ചു. എംടിയുടെ മരണ സമയത്ത് സിനിമാചിത്രീകരണങ്ങളുടെ ഭാഗമായി വിദേശത്തായിരുന്നതിനാൽ മമ്മൂട്ടിക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.( Mammootty visited MT Vasudevan Nair’s home)
സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചു. എംടി പോയിട്ട് 10 ദിവസമായി. മറക്കാത്തത് കൊണ്ടാണല്ലോ വന്നത്. മറക്കാന്‍ പറ്റാത്തത് കൊണ്ട് – എന്നാണ് മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. നടൻ രമേഷ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
എംടിയുടെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പാണ് മമ്മൂട്ടി പങ്കുവെച്ചിരുന്നത്. സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നുവെന്നും മമ്മൂട്ടി അന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.