തൃശൂര്‍: റഷ്യയിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രന്‍റെ (36) മൃതദേഹം നാളെ നാട്ടിലെത്തിക്കും. യുക്രെയിനിലെ ഡോണസ്കിൽ ഷെല്ലാക്രമണത്തിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. റഷ്യയിൽ സൈനിക സേവനത്തിനിടെയാണ് സന്ദീപ് ചന്ദ്രന്റെ മരണം സംഭവിച്ചത്. ഇന്ന് ദുബായിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് നാളെ പുലർച്ചെ മൂന്നുമണിയോടെ കൊച്ചിയിലെത്തുമെന്നും അധികൃതര്‍ അറിയിച്ചു.(body of a Malayali youth who was killed in a shelling attack in Russia will be reached tomorrow)
കഴിഞ്ഞ ആഗസ്റ്റിലാണ് സന്ദീപ് ചന്ദ്രന്റെ മരണം ഔദ്യോഗികമായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്. സന്ദീപിന്‍റെ ചന്ദ്രന്‍റെ മരണത്തിൽ തൃശ്ശൂർ റൂറൽ എസ്പിയുടെ നിര്‍ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പിക്കാണ് അന്വേഷണ നടത്തിയിരുന്നു. സന്ദീപ് ഉൾപ്പെട്ട 12 അംഗ പട്രോളിംഗ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷൻ വഴിയാണ് കുടുംബത്തിന് ലഭിച്ചത് .
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സന്ദീപ് റഷ്യക്ക് പോയത്. സന്ദീപ് റസ്റ്റോറന്റ് ജോലിയ്ക്കാണ് വിദേശത്തേക്ക് പോയതെന്ന് വിവരം. മോസ്‌കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പാസ്‌പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പ്രതികരിച്ചു.
എന്നാല്‍, സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായുമുള്ള വിവരവും പുറത്തുവന്നിരുന്നു. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്.